ഡെറാഡൂൺ: അശ്ലീല ആംഗ്യം കാണിച്ചയാളെ നടുറോഡില്‍ കൈകാര്യം ചെയ്ത് യുവതി. ഇ–റിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെയാണ് തടഞ്ഞു നിര്‍ത്തി യുവതി ചോദ്യം ചെയ്തത്. തുടർന്ന് അശ്ലീല ആംഗ്യം കാണിച്ച യുവാവിന്റെ കരണത്തടിക്കുകായിരുന്നു. പിന്നാലെ ഇയാള്‍ മാപ്പു പറഞ്ഞു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഉത്തരാഖണ്ഡിലൂടെ യുവതി തന്റെ ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് തൊട്ടടുത്തെത്തിയ ഇ-റിക്ഷയിലിരുന്ന യുവാവ് മോശമായി പെരുമാറിയത്.
ഉടൻ തന്നെ ബൈക്ക് നിർത്തി യുവതി ഇയാളെ ചോദ്യം ചെയ്തു. ബൈക്കിലെ ക്യാമറയിൽ ഇയാൾ അശ്ലീല ആംഗ്യം കാണിക്കുന്നത് വ്യക്തമായി പതിഞ്ഞിരുന്നു. റിക്ഷയിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച യുവാവിനെ യുവതി തടഞ്ഞുനിർത്തി.
താൻ പൊലീസിനെ വിവരമറിയിച്ചിട്ടുണ്ടെന്നും ചെയ്ത തെറ്റിന് മറുപടി പറയണമെന്നും യുവതി പറയുന്നതും വിഡിയോയിൽ കാണാം. മാപ്പ് പറയാൻ തയാറാകാതെ വന്നതോടെ യുവതി ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു. ആളുകൾ ചുറ്റും കൂടിയതോടെ ‘അബദ്ധം പറ്റിയതാണ്’ എന്ന ന്യായീകരണവുമായി യുവാവ് രംഗത്തെത്തിയെങ്കിലും, ‘മോശമായി പെരുമാറുന്നത് എങ്ങനെയാണ് അബദ്ധമാവുക?’ എന്നായിരുന്നു യുവതിയുടെ മറുചോദ്യം.

















































