ബെംഗളൂരു∙ ഭർത്താവ് ശരീരത്തിൽ മെർക്കുറി കുത്തിവച്ചെന്ന ആരോപണം ഉന്നയിച്ച യുവതി മരിച്ചു. ഒൻപതു മാസം ആശുപത്രിക്കിടക്കയിൽ കഴിച്ചുകൂട്ടിയ ശേഷമാണ് വിദ്യ തിങ്കളാഴ്ച വിടപറഞ്ഞത്. ഗുരുതരാവസ്ഥയിൽ ആകുന്നതിനു മുൻപ് യുവതി പൊലീസിനു നൽകിയ ‘മരണമൊഴി’യാണ് ഭർത്താവിനെ പ്രതിക്കൂട്ടിലാക്കിയത്. വിദ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നവംബർ 23ന് ആട്ടിബലെ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭർത്താവ് ബസവരാജു തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്നും വിദ്യ പൊലീസിനോടു പറഞ്ഞു. ഇരുവർക്കും നാലു വയസ്സുള്ള ഒരു കുട്ടിയുണ്ട്.
വിദ്യ പൊലീസിനു നൽകിയ മൊഴി പ്രകാരം ഫെബ്രുവരി 26ന് രാത്രി ഉറങ്ങാൻ കിടന്ന തനിക്ക് അടുത്ത ദിവസം വൈകുന്നേരം മാത്രമാണ് ബോധം വന്നത്. തുടർന്ന് വലതു കാലിലെ തുടയിൽ കഠിനമായ വേദന അനുഭവപ്പെട്ടു. ഇത് ഭർത്താവ് നൽകിയ ഇൻജക്ഷൻ കാരണമാണെന്നും വിദ്യ പറഞ്ഞു. തുടർന്ന് മാർച്ച് ഏഴിന് ആട്ടിബലെയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് സ്ഥിതി മോശമായതോടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിൽ വിദ്യയുടെ രക്തത്തിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.


















































