ലഖ്നൌ: 15 ദിവസം മുൻപ് പെൺകുഞ്ഞിന് ജന്മം നൽകിയ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി പരാതി. 25 വയസ്സുകാരിയെ റൂബി ചൗഹാനെ കൊലപ്പെടുത്തിയതാണെന്നും തങ്ങളെ അറിയിക്കാതെ മൃതദേഹം സംസ്കരിച്ചെന്നും കുടുംബം ആരോപിച്ചു. റൂബി ചൗഹാന്‍റെ കുടുംബത്തിന്‍റെ പരാതി ലഭിച്ചതായി ധാമ്പൂർ സർക്കിൾ ഓഫീസർ അഭയ് കുമാർ പാണ്ഡെ പറഞ്ഞു. റൂബിയുടെ ഭർത്താവിനെതിരെ കൊലപാതക കുറ്റം ചുമത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ഒരു വർഷം മുൻപാണ് റൂബി ചൗഹാനും ഗജ്‍റൌള സ്വദേശിയായ മുകുളും വിവാഹിതരായത്. മദ്യപാനിയായ മുകുൾ റൂബിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തിങ്കളാഴ്ച മുകുൾ റൂബിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും റൂബിയുടെ മാതാപിതാക്കളെ പോലും അറിയിക്കാതെ രാംഗംഗാ ഘട്ടിൽ വെച്ച് അന്ത്യകർമ്മങ്ങൾ നടത്തിയെന്നും കുടുംബം ആരോപിക്കുന്നു.
15 ദിവസം മുൻപ് പെണ്‍കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം റൂബിക്ക് ഭർത്താവിന്റെ വീട്ടുകാരിൽ നിന്ന് കൂടുതൽ ഉപദ്രവം നേരിടേണ്ടി വന്നിരുന്നുവെന്ന് റൂബിയുടെ മാതാപിതാക്കൾ ആരോപിച്ചു. ഫോറൻസിക് സംഘം റൂബിയെ സംസ്കരിച്ച സ്ഥലത്ത് നിന്ന് മൃതദേഹാവശിഷ്ടങ്ങൾ അന്വേഷണത്തിനായി ശേഖരിച്ചു. മുകുളിനെയും അയാളുടെ അമ്മയെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.