മുംബൈ: ഓടുന്ന ബസിൽ ജനിച്ച ആൺകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് ക്രൂരമായി കൊലപ്പെടുത്തി യുവാവും യുവതിയും. മഹാരാഷ്ട്രയിലെ പ്രഭാനിയിലാണ് അതി ക്രൂരമായ കൊലപാതകം നടന്നത്. ഓടിക്കൊണ്ടിരുന്ന പ്രൈവറ്റ് സ്ലീപ്പർ ബസിൽ യുവതി പ്രസവിക്കുകയായിരുന്നു. സംഭവത്തിൽ റിഥിക എന്ന യുവതിയെയും അവരുടെ ഭർത്താവെന്ന് അവകാശപ്പെടുന്ന യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഭാര്യാ-ഭർത്താക്കന്മാരാണെന്ന് പറയുന്നുണ്ടെങ്കിലും തെളിവില്ലെന്നു പോലീസ് പറയുന്നു.
ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണു സംഭവം. കുഞ്ഞ് ജനിച്ച ഉടനെ തുണിയിൽ പൊതിഞ്ഞ് ബസിൽ നിന്ന് കുട്ടിയെ ഇവർ വലിച്ചെറിയുകയായിരുന്നു. എന്തോ ഒന്ന് പുറത്തേക്ക് വീഴുന്നത് ശ്രദ്ധിച്ച ബസ് ഡ്രൈവർ അപ്പോൾ തന്നെ കാര്യം അന്വേഷിച്ചു. എന്നാൽ ഭാര്യ ഛർദ്ദിച്ചതാണെന്നാണ് റിഥികയുടെ കൂടെയുണ്ടായിരുന്ന അൽത്താഫ് എന്ന യുവാവിന്റെ മറുപടി. ഇതോടെ ബസ് മുന്നോട്ടെടുക്കുകയും ചെയ്തു.
ആ സമയം റോഡിൽ വീണുകിടക്കുന്ന കുഞ്ഞിനെ ഒരു വഴിയാത്രക്കാരനാണ് കണ്ടത്. അയാൾ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. പക്ഷേ എറിയലിന്റെ ആഘാതത്തിൽ കുട്ടി അപ്പോഴേക്കും മരിച്ചിരുന്നു. സംഭവത്തിൽ റിഥികയേയും അൽത്താഫിനേയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുട്ടിയെ വളർത്താനുള്ള സാഹചര്യം ഇല്ലാത്തതുകൊണ്ടാണ് വലിച്ചെറിഞ്ഞത് എന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്.
ഇരുവരും പൂനെയിൽ ഒന്നരവർഷമായി ഒരുമിച്ച് കഴിയുകയാണെന്നും വിവാഹിതരാണെന്ന് പറയുന്നുണ്ടെങ്കിലും അതിനുള്ള ഒരു തെളിവും അവരുടെ പക്കൽ ഇല്ലെന്നും പോലീസ് പറയുന്നു. പ്രാഥമികമായ ചോദ്യം ചെയ്യലിന് ശേഷം യുവതിയെ ചികിത്സയ്ക്കുവേണ്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.