കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി പരിശോധിച്ച് അപ്പീൽ പോകുമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വി അജകുമാർ. വിധി പഠിച്ച ശേഷം കൂടുതൽ അഭിപ്രായങ്ങൾ പറയും. സർക്കാർ അപ്പീൽ പോകുന്ന കാര്യത്തിൽ ഉൾപ്പെടെ പിന്നീട് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിജീവിതയ്ക്കൊപ്പമാണ് അന്വേഷണസംഘവും പ്രോസിക്യൂഷനുമെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥ ബി സന്ധ്യ പ്രതികരിച്ചു. ഈയൊരു കേസിലൂടെ കേരളത്തിലെ സിനിമ മേഖലയ്ക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായി. മുന്നോട്ടുള്ള നീക്കത്തിന് അതിജീവിതയ്ക്കൊപ്പം ഉണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. ദിലീപിനെതിരായ ഗൂഢാലോചന തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി.കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പെടെ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞു. കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞു. ദിലീപ് ഉൾപ്പെടെ നാല് പ്രതികളെയാണ് വെറുതെ വിട്ടത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്. വിധിയ്ക്ക് പിന്നാലെ കോടതിയ്ക്ക് പിന്നാലെ ദിലീപ് ആരാധകർ മധുരവിതരണം നടത്തി ആഹ്ളാദം പ്രകടിപ്പിച്ചു. വിധി കേൾക്കാൻ നിരവധിപേരാണ് കോടതിയിലെത്തിയത്.
7,8,9,15 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഏഴാം ചാർളി തോമസ്, ഒമ്പതാം പ്രതി സനിൽ, 15-ാം പ്രതി ശരത് എന്നിവരാണ് കുറ്റവിമുക്തരായത്. പ്രതികൾക്ക് സഹായം ഒരുക്കി എന്നതായിരുന്നു ഒമ്പതാം പ്രതിക്കെതിരായ കുറ്റം. കേരളത്തെ നടുക്കിയ കേസിൽ ഏഴര വർഷത്തെ വിചാരണയ്ക്ക് ശേഷംവിധി പറയുന്നത്. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്.
















































