സത്യത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? എന്താണു രാജ്യവ്യാപകമായി നടപ്പിലാക്കാൻ പോകുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ അഥവാ തീവ്ര വോട്ടർ പട്ടിക പരിഷ്കരണം? എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ തീവ്ര വോട്ടർ പട്ടിക പരിഷ്കരത്തെ എതിർക്കുന്നത്? തീവ്ര വോട്ടർ പട്ടിക പരിഷ്കരണം രാജ്യത്തിന് അനിവാര്യമായ കാര്യമാണോ? ഈ വിഷയം നമുക്ക് വിശദമായി പരിശോധിക്കാം.
1950 ലെ ജനപ്രാതിനിധി നിയമമാണ് ഇലക്ട്രോൺ റോൾഅഥവാ വോട്ടർ പട്ടിക തയ്യാറാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുള്ളത്. വോട്ടർ പട്ടിക തയ്യാറാക്കുന്നത് പോലെ തന്നെ കാലാകാലങ്ങളിൽ വോട്ടർപട്ടികയിൽ ആവശ്യമായ പരിഷ്കരണങ്ങൾ വരുത്താനും നിയമം തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകുന്നു. വോട്ടർ പട്ടിക പരിഷ്കരണങ്ങൾ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്. ഒന്ന് പ്രത്യേക സംഗ്രഹ പരിഷ്കരണം അഥവാ എസ്എസ്ആർ, രണ്ടാമത്തേത് നാം ഇപ്പോൾ ചർച്ച ചെയ്യുന്ന എസ് ഐ ആർ എന്ന് ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ. ഇതിൽ സാധാരണയായി നടക്കാറുള്ളത് എസ് എസ് ആർ ആണ്. ഓരോ തവണയും വോട്ടർ പട്ടിക പരിശോധിച്ചു ആവശ്യമായ മാറ്റങ്ങൾ വരുത്തിയശേഷം പട്ടിക പ്രസിദ്ധീകരിക്കുന്നതും പൊതുജനത്തിന് തിരുത്താൻ അവസരം ഒരുക്കുന്നതും എസ് എസ് ആറിന്റെ ഭാഗമായാണ്. അതേസമയം തീവ്ര വോട്ടർ പട്ടിക പരിഷ്കരണം വളരെ അപൂർവമായി മാത്രമേ നടത്തിവരാറുള്ളൂ. 23 വർഷങ്ങൾക്ക് മുൻപ് 2002 ആയിരുന്നു കേരളത്തിൽ അവസാനമായി എസ് എ ആർ നടപ്പിലാക്കിയത്. വളരെ ലളിതമായി പറഞ്ഞാൽ എസ്ഐആർ എന്നത് വോട്ടർ പട്ടികയിൽ സമഗ്രമായ മാറ്റം കൊണ്ടുവരലാണ്.
ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ച് വ്യക്തവും സുതാര്യവുമായ വോട്ടർ പട്ടിക ഉണ്ടാവുക എന്നത് ഏറ്റവും പ്രാഥമികമായ കാര്യമാണ്. എന്നാൽ എന്തുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ നടപടിക്ക് നേരെ നെറ്റി ചുളിക്കുന്നത്? അതിനുള്ള ഉത്തരം ലഭിക്കണമെങ്കിൽ നാം ബീഹാറിലേക്ക് പോകണം. ബീഹാറിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കിയ തീവ്ര വോട്ടർപട്ടിക പരിഷ്കരണം വളരെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ ബീഹാറിൽ നിന്ന് ഒഴിവാക്കിയത് 65 ലക്ഷം വോട്ടർമാരെ ആയിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷൻ മരണപ്പെട്ടു എന്ന് രേഖപ്പെടുത്തി വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയ ആളുകൾ ജീവനോടെ സുപ്രീംകോടതിയിൽ എത്തിയ നാടകീയ കാഴ്ചയ്ക്ക് പോലും രാജ്യം സാക്ഷ്യം വഹിച്ചു. പിന്നോക്ക ദളിത് ന്യൂനപക്ഷ വോട്ടർമാർ ഭൂരിപക്ഷമുള്ള ബൂത്തുകളിലാണ് ഈ വെട്ടി നിരത്തലുകൾ നടത്തിയതെന്നാണ് പ്രതിപക്ഷത്തിന് ആരോപണം. ബീഹാറിലെ ഈ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ പലതവണ സുപ്രീംകോടതി ഇടപെടുന്ന സാഹചര്യവും ഉണ്ടായി. നീക്കം ചെയ്ത വോട്ടർമാരുടെ പട്ടിക പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറായതും, വോട്ട് പുനസ്ഥാപിക്കേണ്ട 11 രേഖകളുടെ ഒപ്പം ആധാർ കൂട്ടിച്ചേർന്നതും സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്നായിരുന്നു. ഈ വിഷയം ഉൾപ്പെടെ ഉന്നയിച്ചുകൊണ്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബീഹാറിൽ നീളം നടത്തിയ വോട്ട് ചോരി യാത്രയിൽ വോട്ട് നീക്കം ചെയ്യപ്പെട്ട ഒട്ടനവധി മനുഷ്യർ പങ്കാളികളായി.
ഇത്തരത്തിൽ ബീഹാറിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ തീവ്ര വോട്ടർപട്ടിക പരിഷ്കരണം മുന്നിലുള്ളതുകൊണ്ടാണ് പ്രതിപക്ഷ കക്ഷികൾ എസ്ഐആർ രാജ്യവ്യാപകമാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോട് വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നത്. ബീഹാറിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായിരുന്ന സമയത്ത് എന്തിനായിരുന്നു ധൃതിപ്പെട്ട് എസ്ഐആർ നടപ്പിലാക്കിയത് എന്ന ചോദ്യവും പ്രതിപക്ഷം ആദ്യം മുതൽക്കേ തന്നെ ഉന്നയിക്കുന്നുണ്ടായിരുന്നു.
കാലാകാലങ്ങളിൽ വോട്ടർപട്ടിക പരിഷ്കരിക്കേണ്ടത് ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തിന്റെ നിലനിൽപ്പിന്റെ തന്നെ ആവശ്യമാണ്. നമ്മുടെ വോട്ടർപട്ടികകളിൽ നിരവധി അപാകതകളും പാകപിഴകളും ഉണ്ട്, അത് എത്രയും വേഗം പരിഹരിക്കേണ്ടത് ഒരു അനിവാര്യമായ കാര്യമാണ്. ഒരു നല്ല ജനാധിപത്യ രാജ്യം സൃഷ്ടിക്കണമെങ്കിൽ കുറ്റമറ്റ വോട്ടർപട്ടിക ആവശ്യമാണ്. രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന രേഖയാണ് വോട്ട് പട്ടിക, അതുകൊണ്ടുതന്നെ വോട്ടർ പട്ടികയുടെ സുതാര്യതയും കൃത്യതയും ഉറപ്പാക്കേണ്ട ചുമതല തിരഞ്ഞെടുപ്പ് കമ്മീഷൻ ഉണ്ട്. കൃത്യതയുള്ള വോട്ടർപട്ടിക രൂപപ്പെടുത്താനായി രാജവ്യാപകമായി തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടത്തേണ്ടതുണ്ട് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കരുതുന്നുണ്ടെങ്കിൽ അത് നടപ്പിലാക്കുക തന്നെ വേണം. എന്നാൽ ഇവിടുത്തെ വിഷയം എസ്ഐആർ നടപ്പിലാക്കണോ വേണ്ടയോ എന്നതല്ല തിരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ നടപ്പിലാക്കുന്നത് രീതികളെ ചൊല്ലിയാണ്.
പ്രതിപക്ഷ പാർട്ടികളുടെ പ്രതികരണങ്ങൾ നോക്കുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത് അവർ ആരും തന്നെ എസ്ഐആറിനെ അല്ല വിമർശിക്കുന്നത്, തിരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ നടപ്പിലാക്കിയ രീതികളെയാണ്. ബീഹാറിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രതിപക്ഷം സംസാരിക്കുന്നത് മുഴുവൻ എസ്ഐആർ നടപ്പാക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടായ പ്രശ്നങ്ങളെ പറ്റിയാണ്.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രാജ്യത്ത് ഉടനീളം വോട്ട് മോഷണം നടക്കുന്നുവെന്ന് തെളിവുകൾ നിരത്തി ആരോപിക്കുമ്പോൾ, ഈ വോട്ട് മോഷണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനും കൂട്ടുനിൽക്കുന്നു എന്ന് വിമർശിക്കുന്ന സാഹചര്യത്തിലാണ് രാജ്യവ്യാപകമായി എസ്ഐആർ നടപ്പിലാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുന്നത്. ഈ വിഷയത്തിലെ പ്രധാന പ്രശ്നവും ഇവിടെയാണ്. പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയെ ചോദ്യം ചെയ്യുമ്പോൾ അതിനെ അഭിസംബോധന ചെയ്യാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ എസ് ഐ ആറിലേക്ക് പോകുന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാൻ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ഈ വിഷയത്തെ അഭിസംബോധന ചെയ്തു മാതൃഭൂമിയിൽഎഴുതിയ ലേഖനത്തിൽ പറയുന്നത് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം കാലത്തിന്റെ ആവശ്യമാണ് എന്ന കാര്യത്തിൽ സംശയമില്ല പക്ഷേ അതിന് ഉപയോഗിക്കുന്ന വഴികളെ കുറിച്ചുള്ള ദുരൂഹത ബാക്കി നിൽക്കുന്നു എന്നാണ്. അതായത് രാജ്യത്ത് കുറ്റമറ്റ വോട്ടർ പട്ടിക സൃഷ്ടിക്കുന്നതിനായി എസ് ഐ ആർ നടപ്പിലാക്കണമെന്ന് പ്രതിപക്ഷവും ആഗ്രഹിക്കുന്നുണ്ട്, പ്രതിപക്ഷത്തിന്റെ സംശയവും ആശങ്കയും മുഴുവൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അതിർ ഉപയോഗിക്കുന്ന വഴികളെക്കുറിച്ച് ആണെന്ന് അടയാളപ്പെടുന്നതാണ് രമേശ് ചെന്നിത്തലയുടെ ലേഖനം.
വോട്ടർ പട്ടിക പരിഷ്കരണത്തെ സംബന്ധിച്ച് രണ്ട് അഭിപ്രായം എവിടെയും കാണാൻ സാധിക്കുകയില്ല. പ്രതിപക്ഷ നേതാക്കൾ പോലും തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. കൃത്യതയാർന്ന വോട്ട് പട്ടിക ജനാധിപത്യത്തിൽ അനിവാര്യമാണെന്ന് തിരിച്ചറിവ് എല്ലാവർക്കും ഉണ്ട്. എന്നാൽ ഇവിടെ വരുന്ന ആശങ്കകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് നടപ്പിലാക്കാൻ പോകുന്ന രീതികളെ ചൊല്ലിയാണ്. ബീഹാറിൽ എന്തു നടന്നു എന്ന് പ്രതിപക്ഷത്തിന് വ്യക്തമായി ബോധ്യമുള്ളത് കൊണ്ട് തന്നെ ഈ വിഷയത്തിലെ പ്രതിപക്ഷത്തിന്റെ ആശങ്കകളെ തള്ളിക്കളയാനുമാകില്ല. ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നും കുറെ കൂടി വിശാലമായ ഒരു സമീപനം ഉണ്ടാകണം. പ്രതിപക്ഷത്തിന്റെ ആശങ്കകളെയും ചോദ്യങ്ങളെയും അഭിസംബോധന ചെയ്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണം എങ്ങനെ നടത്തുമെന്നതിൽ വ്യക്തത വരുത്തിക്കൊണ്ടു വേണം തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടു പോകാൻ. തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പിലാക്കുന്നത് ബീഹാറിലെ പോലെ വിവാദങ്ങൾ സൃഷ്ടിക്കാൻ ആകരുത്, മറിച്ച് ഇന്ത്യൻ ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്താനാകണം.