ന്യൂഡൽഹി: ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയുടെ ഉടമസ്ഥാവകാശം ഉന്നയിച്ചുള്ള സ്ത്രീയുടെ ഹർജി തള്ളി സുപ്രീംകോടതി. മുഗൾ ചക്രവർത്തി ബഹദൂർ ഷാ സഫർ രണ്ടാമന്റെ ചെറുമകന്റെ വിധവയായ സുൽത്താന ബീഗമാണ് ചെങ്കോട്ടയുടെ അവകാശ വാദമുന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. ചെങ്കോട്ടയുടെ നിമയപരമായ അവകാശി താനാണെന്ന് അവകാശപ്പെട്ടാണ് സുൽത്താന ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജീവ് കുമാറും അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അതേസമയം ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. രാജ്യത്തെ ആദ്യത്തെ സ്വാതന്ത്ര്യ സമര സേനാനിയുടെ കുടുംബാംഗമാണ് ഹർജിക്കാരിയെന്ന് അഭിഭാഷകൻ വാദിച്ചു. എന്നാൽ വാദങ്ങൾ പരിഗണിക്കുകയാണെങ്കിൽ എന്തുകൊണ്ട് ചെങ്കോട്ട മാത്രം, ആഗ്ര, ഫത്തേപുർ സിക്രി തുടങ്ങിയ സ്ഥലങ്ങളിലും കോട്ടകളുണ്ട്, എന്തുകൊണ്ട് വേണ്ട എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
2024 ഡിസംബർ 13ന് ഡൽഹി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സുൽത്താന ബീഗം നൽകിയ അപ്പീൽ തള്ളിയിരുന്നു. സിംഗിൾ ബെഞ്ച് ജഡ്ജിയുടെ ഉത്തരവിനെതിരെയാണ് സുൽത്താന ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ രണ്ടര വർഷത്തിന് ശേഷമാണ് അപ്പീൽ സമർപ്പിച്ചതെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളുകയായിരുന്നു. അതേസമയം ആരോഗ്യം മോശമായതിനാലും മകളുടെ മരണവുമാണ് അപ്പീൽ നൽകാൻ താമസം വന്നതെന്നായിരുന്നു സുൽത്താനയുടെ വിശദീകരണം.
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിയമവിരുദ്ധമായി പിടിച്ചെടുത്ത ചെങ്കോട്ട തിരികെ തരണമെന്ന അവകാശവാദവുമായി സമർപ്പിച്ച ഹർജി 2021 ഡിസംബർ 20നാണ് സിംഗിൾ ബെഞ്ച് തള്ളിയത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ബ്രിട്ടീഷുകാർ കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുത്തെന്നും തുടർന്ന് ചക്രവർത്തിയെ രാജ്യത്ത് നിന്ന് നാടുകടത്തി മുഗളരിൽ നിന്ന് ചെങ്കോട്ടയുടെ കൈവശാവകാശം ബലമായി പിടിച്ചെടുത്തെന്നും ഹർജിയിൽ പറയുന്നു.
1862 ൽ നവംബർ 11ന് 82-ാം വയസിൽ മരിച്ച തന്റെ പൂർവികനായ ബഹദൂർ ഷാ സഫർ രണ്ടാമനിൽ നിന്ന് പാരമ്പര്യമായി ലഭിച്ച ചെങ്കോട്ടയുടെ ഉടമയാണ് ബീഗമെന്നും സ്വത്തിൽ ഇന്ത്യൻ സർക്കാർ നിയമവിരുദ്ധമായി അധികാരം സ്ഥാപിക്കുകയായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. മാത്രമല്ല ചെങ്കോട്ട കൈമാറാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യം ഉണ്ടായിരുന്നു. അല്ലെങ്കിൽ മതിയായ നഷ്ടപരിഹാരം നൽകാൻ കേന്ദ്രത്തോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ടായിരുന്നു.