ന്യൂ[ൽഹി: ശത്രു മുട്ടുമടക്കിയപ്പോൾ നമ്മൾ എന്തിന് ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്നു ലോക്‌സഭയിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കുന്നതിനിടയിലാണ് രാഹുൽ ഗാന്ധിയുടെ ചോദ്യം.
ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ 22 മിനിറ്റുകൊണ്ട് അവസാനിപ്പിച്ചുവെന്നും അപ്പോഴേക്കും പാക്കിസ്ഥാൻ സന്ധി ചെയ്യാൻ വിളിച്ചുവെന്നുമാണ് രാജ്‌നാഥ് സിംഗ് സഭയിൽ പറഞ്ഞത്. ഇതോടെ ചോദ്യവുമായി രാഹുൽ ഗാന്ധി രംഗത്തെത്തുകയായിരുന്നു. പാക്കിസ്ഥാൻ പറയുന്നത് കേട്ട് എന്തിന് ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
സൈനിക നടപടി നിർത്താൻ പാക്കിസ്ഥാൻ ഇന്ത്യയോട് യാചിച്ചുവെന്നാണ് രാജ്നാഥ് സിങ് സഭയിൽ പറഞ്ഞത്. ഇതോടെയാണ് രാഹുൽ ഇടപെട്ടത്. ശത്രു മുട്ടുമടക്കിയപ്പോൾ എന്തിന് നിർത്തി? നമ്മൾ എപ്പോൾ മുതലാണ് പാക്കിസ്ഥാനെ അനുസരിക്കാൻ തുടങ്ങിയതെന്നും രാഹുൽ ചോദിച്ചു.
അതേസമയം രാഹുലിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി എല്ലാ സൈനിക, രാഷ്ട്രീയ ലക്ഷ്യങ്ങളും കൈവരിച്ചതിന് ശേഷം മാത്രമാണ് ഇന്ത്യ പിന്മാറിയതെന്ന് രാജ്‌നാഥ് തിരിച്ചടിച്ചു. അതെ, നമ്മൾ ഭീകര താവളങ്ങൾ തകർത്തു. നമ്മൾ പ്രതികാരം ചെയ്തു. നമുക്ക് ഒരു നഷ്ടവും സംഭവിച്ചില്ലെന്നും രാജ്‌നാഥ് സിംഗ് പ്രതികരിച്ചു.