വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അധിക്ഷേപകരമായ പരാമർശവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാരൊ രംഗത്ത്. ഇപ്പോൾ നടക്കുമന്ന റഷ്യ- യുക്രൈൻ യുദ്ധം, പുടിന്റെ യുദ്ധമല്ല മറിച്ച്മോദിയുടെ യുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്ലൂംബെർഗ് ടെലിവിഷന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇത്തരമൊരു പരാമർശം നടത്തിയത്. റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യ നിർത്തുന്നപക്ഷം ചുമത്തിയ 25 ശതമാനം വ്യാപാരത്തീരുവ അമേരിക്ക ഒഴിവാക്കുമെന്നും നവാരൊ കൂട്ടിച്ചേർത്തു.
അതുപോലെ ഇന്ത്യയുടെ ചെയ്തികൾ കാരണം അമേരിക്കയിലെ എല്ലാവരും നഷ്ടം അനുഭവിക്കുകയാണെന്നും നവാരൊ പറഞ്ഞു. ഉപഭോക്താക്കൾക്കും വ്യാപാരത്തിനുമെല്ലാം നഷ്ടമുണ്ടാകുന്നു. ഇന്ത്യയുടെ ഉയർന്ന തീരുവ മൂലം ഞങ്ങൾക്ക് ജോലികളും ഫാക്ടറികളും വരുമാനവും ഉയർന്ന വേതനവും നഷ്ടപ്പെടുത്തുന്നതിനാൽ തൊഴിലാളികൾക്കും നഷ്ടമുണ്ടാകുന്നു. മാത്രമല്ല, മോദിയുടെ യുദ്ധത്തിന് ഞങ്ങൾക്ക് പണം നൽകേണ്ടിവരുന്നതുകൊണ്ട് നികുതിദായകർക്കും നഷ്ടം സംഭവിക്കുന്നു- അദ്ദേഹം പറഞ്ഞു.
ഇതിനിടെ മോദിയുടെ യുദ്ധമെന്ന നവാരോയുടെ പരാമർശത്തിൽ പരിപാടിയുടെ അവതാരകൻ ഇടപെടുകയും ‘പുടിന്റെ യുദ്ധം’ എന്നാണോ പറയാൻ ഉദേശിച്ചത് എന്ന് ചോദിക്കുകയും ചെയ്തു. എന്നാൽ, താൻ ഉദ്ദേശിച്ചത് മോദിയുടെ യുദ്ധമെന്ന് തന്നെയാണെന്നും സമാധാനത്തിന്റെ പാത ഡൽഹിയിലൂടെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയാൽ നാളെത്തന്നെ 25 ശതമാനം തീരുവ ഇളവ് ലഭിക്കുമെന്നും നവാരൊ കൂട്ടിച്ചേർത്തു.