ലണ്ടൻ: അത്ര പെട്ടെന്ന് ഉണക്കാൻ പറ്റുന്ന മുറിവൊന്നുമല്ല പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് തന്നത്. ഒന്നുമറിയാതെ അവധി ആഘോഷിക്കാനെത്തിയ 26 കുടുംബങ്ങളെയാണ് അനാഥമാക്കിയത്. അതിനാൽ കളിയിലായാലും കാര്യത്തിലായും എതിരാളി പാക്കിസ്ഥാനാണെങ്കിൽ ഇന്ത്യ കളിക്കില്ല. ലെജൻഡ്സ് ലോക ചാംപ്യൻഷിപ്പിന്റെ സെമിയിൽ പാക്കിസ്ഥാനാണ് എതിരാളിയെന്ന് വ്യക്തമായതോടെ ഇന്ത്യ കളിക്കാനില്ലെന്ന തീരുമാനം പരസ്യമാക്കി.
ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെതിരായ മത്സരം ബഹിഷ്കരിച്ചതിന്റെ തുടർച്ചയായാണ് പുതിയ തീരുമാനവും. സെമിഫൈനലിൽ കളിക്കാനില്ലെന്ന കാര്യം ഇന്ത്യ ചാംപ്യൻസ് ടീം അധികൃതർ, ടൂർണമെന്റിന്റെ സംഘാടകരായ ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിനെ (ഇസിബി) അറിയിച്ചു. ഇതോടെ ഇന്ത്യ ടൂർണമെന്റിൽനിന്ന് പുറത്തായി. പാക്കിസ്ഥാന് ഫൈനലിലേക്ക് വാക്കോവറും ലഭിച്ചു. നാളെ നടക്കുന്ന ഓസ്ട്രേലിയ – ദക്ഷിണാഫ്രിക്ക രണ്ടാം സെമിഫൈനൽ വിജയികളെയാണ് പാക്കിസ്ഥാൻ ഫൈനലിൽ നേരിടുക.
അതേസമയം പഹൽഗാം ഭീകരാക്രമണവും അതിനു പിന്നാലെ ഉടലെടുത്ത രാഷ്ട്രീയ വിഷയങ്ങളും ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെതിരെ മത്സരിക്കാൻ ഇന്ത്യൻ ടീം വിസമ്മതിച്ചത്. അതിന്റെ തുടർച്ചയായാണ് ഇന്ത്യൻ ടീം സെമിയും ബഹിഷ്കരിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചിൽ നാലു മത്സരങ്ങളും ജയിച്ച് പാക്കിസ്ഥാൻ ഒന്നാം സ്ഥാനക്കാരായും, ഒരേയൊരു മത്സരം മാത്രം ജയിച്ച് ഇന്ത്യൻ ടീം നാലാം സ്ഥാനക്കാരായും സെമിയിലെത്തിയതോടെയാണ് ഇരു ടീമുകളും നേർക്കുനേർ വന്നത്.
ടൂർണമെന്റിൽ ഏറിയ പങ്കും അവസാന സ്ഥാനക്കാരായിരുന്ന ഇന്ത്യ, അവസാന ഗ്രൂപ്പ് മത്സരത്തിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ചാണ് സെമിയിൽ ഇടംപിടിച്ചത്. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയയെ 10 വിക്കറ്റിന് തകർത്ത് 9 പോയിന്റുമായി പാക്കിസ്ഥാൻ ഒന്നാമതെത്തിയതോടെയാണ്, നാലാം സ്ഥാനക്കാരായ ഇന്ത്യയുമായി സെമി പോരാട്ടത്തിന് പോർക്കളമൊരുങ്ങിയത്.
അതേസമയം, ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽനിന്ന് ഇന്ത്യൻ ടീം പിൻമാറിയോടെ ഇരു ടീമുകളിലെയും താരങ്ങൾ തമ്മിൽ കടുത്ത വാക്പോരും ഉടലെടുത്തിരുന്നു. പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി, ഇന്ത്യയുടെ പിൻമാറ്റത്തിന് നേതൃത്വം നൽകിയ ശിഖർ ധവാനെ ‘ചീമുട്ട’ എന്നു വിശേഷിപ്പിക്കുകയും ചെയ്തു. ഗ്രൂപ്പ് ഘട്ടത്തിൽ പിൻമാറിയാലും സെമിയിലോ, ഫൈനലിലോ പാക്കിസ്ഥാനോട് കളിക്കേണ്ടി വന്നാൽ എന്തു ചെയ്യുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, എന്തു സംഭവിച്ചാലും താൻ കളിക്കാനിറങ്ങില്ല എന്നായിരുന്നു ധവാൻ മറുപടി. ആ തീരുമാനം തന്നെ ആവർത്തിക്കുകയാണിപ്പോൾ.