കൽപറ്റ: വയനാട്ടിൽ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ ഭർത്താവ് ഷൈജലിനും ഇയാളുടെ സുഹൃത്തും സിപിഎം ഏരിയ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി. ജംഷീദിനും എതിരെയാണ് പോലീസ് കേസെടുത്തത്. ഭർത്താവിന്റെ സുഹൃത്ത് വീട്ടിലെത്തി തന്നെ കടന്നു പിടിച്ചതായാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. മുൻപും ഇത്തരത്തിൽ ചില അനുഭവം ഉണ്ടായപ്പോഴെല്ലാം സുഹൃത്തിന് അനുകൂല നിലപാടാണ് ഭർത്താവ് സ്വീകരിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
അതുപോലെ ഭർത്താവും മാതാപിതാക്കളും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കാറുണ്ടെന്നും യുവതി ആരോപിച്ചു. ഇതോടെ പീഡന പരാതിക്കൊപ്പം ഗാർഹികപീഡനം സംബന്ധിച്ച പരാതിയും ലഭിച്ചതിനാൽ രണ്ടും പ്രത്യേക കേസുകളായാണ് കൽപറ്റ പോലീസ് റജിസ്റ്റർ ചെയ്തത്. ഗാർഹിക പീഡന പരാതിയിൽ യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കൾക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.
രണ്ടാമത്തെ കേസ് ലൈംഗിക ഉദ്ദേശത്തിൽ ശരീരത്തിൽ സ്പർശിച്ചു എന്ന വകുപ്പ് പ്രകാരമാണ്. ഭർത്താവ് തന്നെ മർദ്ദിക്കാറുണ്ടെന്നും യുവതി പറഞ്ഞു. കഴിഞ്ഞ 17 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായതെന്നാണ് യുവതി പറയുന്നത്. ഭർത്താവിനൊപ്പം വീട്ടിൽ എത്തിയ ജംഷീദ് ലൈംഗിക താൽപര്യത്തോടെ കടന്നുപിടിക്കുകയായിരുന്നുവെന്ന് കേസ് നൽകിയ ശേഷം മാധ്യമങ്ങളോട് യുവതി വെളിപ്പെടുത്തി. സ്ത്രീധനമായി 101 പവനും കാറും വേണമെന്നു പറഞ്ഞ് ഭർത്താവ് നിരന്തരം ആവശ്യമുന്നയിക്കാറുണ്ട്. ഭർത്താവ് എല്ലാവരോടും പൈസ വാങ്ങും എന്നിട്ട് എന്റെ ഫോട്ടോയും ഫോൺ നമ്പറും കൊടുത്ത ശേഷം ആവശ്യങ്ങൾ അവളെ വിളിച്ച് പറഞ്ഞാൽ മതിയെന്നു പറയാൻ തുടങ്ങി. പലരും വിളിക്കാൻ തുടങ്ങിയപ്പോൾ ആ നമ്പരുകൾ ബ്ലോക്ക് ചെയ്തു തുടങ്ങി. ഭർത്താവിനോടും വീട്ടുകാരോടും ഇതേക്കുറിച്ച് പരാതി പറഞ്ഞപ്പോൾ നിനക്കെന്താ കിടന്നു കൊടുത്തുകൂടെ അവന്റെ കടങ്ങൾ വീടാൻ വേണ്ടിയിട്ടല്ലേ എന്നൊക്കെയാണ് ഭർത്താവിന്റെ ഉമ്മ പറയാൻ തുടങ്ങിയതെന്ന് യുവതി വിവരിച്ചു.
‘‘തനിക്കു നാലു മക്കളുണ്ട്. ഇതിൽ മൂന്നു പേർ മാത്രമേ എന്റെ കൂടെയുള്ളൂ. ഒരാൾ ഭർത്താവിന്റെ വീട്ടിൽ തന്നെയാണ്. ഡിവൈഎഫ്ഐ നേതാവായ ജംഷീദ് മക്കളില്ലാത്ത സമയങ്ങളിൽ വരും. കള്ളു കുടിച്ചിട്ടാകും വരിക. ഭക്ഷണം വേണമെന്ന് പറയും. വിളമ്പിക്കൊടുക്കുമ്പോൾ അവിടെയും ഇവിടെയും ഒക്കെ തോണ്ടുകയും പിടിക്കുകയും ഒക്കെ ചെയ്യും. ഇക്കാര്യം ഭർത്താവിനോടു പറഞ്ഞപ്പോൾ സാരമില്ല നിന്റെ തോന്നലായിരിക്കും ഇനി അതല്ല അങ്ങനെ ഉറപ്പാണെങ്കിൽ അവനങ്ങ് നിന്നു കൊടുക്കൂ അവൻ അവന്റെ ഇഷ്ടം തീർന്നിട്ട് പോട്ടെ എന്ന് പറയാൻ തുടങ്ങി. ഇക്കഴിഞ്ഞ 17 ന് ഭക്ഷണം കൊടുത്ത ശേഷം വെള്ളം എടുക്കാൻ വേണ്ടി അടുക്കളയിൽ പോയപ്പോൾ ഈ ജംഷീദ് പിന്നാലെ വരികയും ലൈംഗിക ഉദ്ദേശ്യത്തോടെ കടന്നു പിടിക്കുകയുമായിരുന്നു. ഇതോടെ ഓടി റൂമിനകത്ത് കയറി വാതിലടച്ചു.
ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഭർത്താവ് ഇത് ശ്രദ്ധിച്ചതായി ഭാവിച്ചില്ല. അവർ പോയ ശേഷമാണ് പിന്നെ വാതിൽ തുറന്ന് മക്കളെ കൂട്ടാൻ വേണ്ടി പോയത്’’ – യുവതി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പരാതിയിൽ പറയുന്ന കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്നും യുവനേതാവിനെതിരെ രാഷ്ട്രീയപ്രേരിതമായി ഉയർത്തുന്ന പരാതിയാണിതെന്നും ഭർത്താവ് മാധ്യമങ്ങളോട് വിവരിച്ചു. കുടുംബ പ്രശ്നങ്ങളുണ്ടെന്നും കഴിഞ്ഞ ദിവസം ഭാര്യയുടെ ബന്ധുക്കൾ ചേർന്നു മർദ്ദിച്ചതായും ഭർത്താവ് വെളിപ്പെടുത്തി. പരാതിയിൽ പറയുന്ന സംഭവം നടന്നിട്ടില്ലെന്ന് ആരോപണ വിധേയനും പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.