കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അല്‍പ്പസമയത്തിനകം വിധി പറയും. ആറ് വർഷം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് കേരളത്തെ നടുക്കിയ കേസില്‍ വിധി പറയുന്നത്. പള്‍സർ സുനി ഒന്നാം പ്രതിയായ കേസില്‍ ദിലീപാണ് എട്ടാം പ്രതി. കാവ്യയുമായുള്ള ബന്ധം അതിജീവിത മഞ്ജു വാര്യറെ അറിയിച്ച വൈരാഗ്യത്തെ തുടർന്ന് ദിലീപ് പള്‍സർ സുനിക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദം.
ആകെ പത്ത് പ്രതികള്‍
പള്‍സര്‍ സുനി എന്ന സുനില്‍ എന്‍ എസ് ആണ് കേസിലെ ഒന്നാം പ്രതി. നേരത്തെയും സമാന രൂപത്തിലുള്ള കൃത്യം നിർവ്വഹിച്ചിട്ടുള്ള പ്രതി സിനിമ മേഖലയിലെ പ്രമുഖരുടെ ഡ്രൈവറായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ വാഹനമോടിച്ചിരുന്ന മാർട്ടിന്‍ ആന്റണിയാണ് രണ്ടാംപ്രതി. ബി മണികണ്ഠന്‍, വിപി വിജീഷ്, വടിവാള്‍ സലീം എന്ന എച്ച് സലീം, പ്രദീപ്, ചാർലി തോമസ്, ദിലീപ്, സനില്‍കുമാർ, ശരത് ജി നായർ തുടങ്ങിയവരാണ് കേസിലെ മറ്റ് പ്രതികള്‍
















































