തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ താങ്ങുപീഠം കാണാതായ സംഭവത്തില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആളുകളെ വിഡ്ഢികളാക്കിയെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. ഉണ്ണികൃഷ്ണന്‍ പോറ്റി പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയായി. നാലരവര്‍ഷമായി പീഠം എവിടെയാണെന്നത് സംബന്ധിച്ച വിവരം ഉണ്ണികൃഷ്ണന്‍ പോറ്റി ഒളിപ്പിച്ചുവെച്ചു. വിഷയത്തില്‍ ആസൂത്രിത ഗൂഢാലോചന സംശയിക്കുന്നതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വിഷയം കോടതിയുടെ പരിഗണനയിലാണ്. വിഷയത്തില്‍ കൃത്യമായ ഇടപെടലാണ് കോടതി നടത്തുന്നത്. നാളെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
ശബരിമയില്‍ വലിയ രീതിയില്‍ അഴിമതി നടക്കുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കും മന്ത്രി മറുപടി നല്‍കി. അവരുടെ ഭരണകാലത്തെ ഓര്‍മകള്‍വെച്ചാകും പ്രതിപക്ഷം ആ രീതിയില്‍ പ്രതികരിച്ചതെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ആ രീതിയിലുള്ള ആക്ഷേപങ്ങള്‍ ഇല്ല. സുതാര്യമായ പ്രവര്‍ത്തനങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിലവിൽ നടക്കുന്നത്.
ശബരിമലയിലെ തീര്‍ത്ഥാടന കാലഘട്ടം മികച്ച രീതിയിലാണ് കടന്നുപോയത്. അതൊരു ടീം സ്പിരിറ്റിന്റെ ഭാഗമാണ്. പഴയകാലത്തെ അനുഭവം വെച്ച് പറയുന്നത് ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ഇന്നലെയായിരുന്നു ശബരിമലയില്‍ നിന്ന് കാണാതായ ദ്വാരപാലക ശില്‍പങ്ങളുടെ താങ്ങുപീഠം കണ്ടെത്തിയത്. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമ്മൂട്ടിലെ വീട്ടില്‍ നിന്നായിരുന്നു പീഠം കണ്ടെത്തിയത്. ഓഗസ്റ്റ് പതിമൂന്നാം തീയതിയാണ് സഹോദരിയുടെ വീട്ടിലേയ്ക്ക് പീഠം മാറ്റിയതെന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.