തിരുവനന്തപുരം: ദിവ്യ എസ് അയ്യർ വടക്കൻപാട്ടിലെ ഉണ്ണിയാർച്ചയെ പോലെയാണെന്ന് സിപിഎം മുതിർന്ന നേതാവ് എകെ ബാലൻ. വളരെ തീർത്തും മോശമായ നിലയിൽ ദിവ്യയെ ചിത്രീകരിച്ചുള്ള ആക്രമണമാണ് സൈബറിടത്ത് കോൺഗ്രസ് നടത്തുന്നത്. മുരളീധരനെ പോലെയുള്ള നേതാക്കൾ സംസാരിക്കുമ്പോൾ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകൾ ഒഴിവാക്കേണ്ടതായിരുന്നു. ചുരുങ്ങിയ പക്ഷം ഒരു സ്ത്രീയോട് കാട്ടേണ്ട മാന്യത കാട്ടിയില്ല.
മാത്രമല്ല സഹപ്രവർത്തകനായ ശബരിനാഥൻറെ ഭാര്യയാണെന്ന് ഓർക്കണമായിരുന്നു. കാർത്തികേയൻറെ മരുമകളാണെന്ന പരിഗണനയും നൽകിയില്ല. അവർക്കെതിരെ നടക്കുന്ന സൈബർ ആക്രമണം ഒഴിവാക്കേണ്ടതാണ്. കെ. മുരളീധരന്റെ വിമർശനവും ഒഴിവാക്കേണ്ടിയിരുന്നു. കെ. മുരളീധരനെ കോൺഗ്രസിൽ നിന്നും പുകച്ച് ചാടിച്ചത് ഓർമ വേണമായിയിരുന്നു. മുരളീധരൻ ഉപയോഗിച്ചത് മ്ലേച്ഛമായ ഭാഷയാണെന്നും ബാലൻ പറഞ്ഞു.
അതേസമയം കെകെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യർക്ക് ഔചിത്യമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വിഎം സുധീരൻ. ഔചിത്യം എന്നത് പ്രധാന കാര്യമാണ്. അത് ഭരണകർത്താക്കൾക്കും ഉദ്യോഗസ്ഥർക്കുമെല്ലാം വേണ്ട മിനിമം യോഗ്യതയാണ്. ഔചിത്യമില്ലാതെ ആര് പ്രവർത്തിച്ചാലും അതിൽ ഒരു ന്യായീകരണവുമില്ല. അത്ര മാത്രമേ അതേ കുറിച്ച് പറയുന്നുള്ളൂവെന്നും വിഎം സുധീരൻ പറഞ്ഞു.