ജയ്പുർ: ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസിനെതിരായ കളിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സഞ്ജു സാംസണിനോട് തന്റെ ഹൃദയമിടിപ്പ് പരിശോധിക്കാൻ ആവശ്യപ്പെട്ട് ആർസിബി താരം വിരാട് കോലി. മത്സരത്തിൽ വാനിന്ദു ഹസരംഗയ്‌ക്കെതിരെ സിക്സടിച്ച് അർധസെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ കോലി ഡബിൾ ഓടിയിരുന്നു. ഇതിനിടെയാണ് കോലിക്കു അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ വിക്കറ്റിനു പിന്നിലുണ്ടായിരുന്ന രാജസ്ഥാൻ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനോട് ഹൃദയമിടിപ്പ് പരിശോധിക്കാൻ കോലി ആവശ്യപ്പെടുകയായിരുന്നു. ഉടൻതന്നെ കയ്യിലെ ഗ്ലൗസ് അഴിച്ചുമാറ്റി സഞ്ജു കോലിയുടെ ഹൃദയമിടിപ്പ് പരിശോധിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
അതേസമയം ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ ഫിൽ സോൾട്ടും വിരാട് കോലിയും അർധസെഞ്ചറികളുമായി തിളങ്ങിയതോടെ 15 പന്തും ഒൻപതു വിക്കറ്റും ബാക്കിയാക്കി ആർസിബി വിജയത്തിലെത്തിയിരുന്നു. സോൾട്ട് 65 റൺസെടുത്ത് പുറത്തായപ്പോൾ കോലി 62 റൺസോടെയും ദേവ്ദത്ത് പടിക്കൽ 40 റൺസോടെയും പുറത്താകാതെ നിന്നു.
വാനിന്ദു ഹസരംഗ എറിഞ്ഞ 15–ാം ഓവറിലെ മൂന്നാം പന്തിൽ സിക്സറിലൂടെയാണ് കോലി അർധസെഞ്ചറി പൂർത്തിയാക്കിയത്. ഇതോടെ ട്വന്റി20 ചരിത്രത്തിൽ ഓസീസ് താരം ഡേവിഡ് വാർണറിനു ശേഷം 100 അർധസെഞ്ചറികൾ പൂർത്തിയാക്കുന്ന ആദ്യ താരമായി കോലി മാറി. തൊട്ടടുത്ത പന്തിൽ ഡബിൾ ഓടിയതിനു പിന്നാലെയാണ്, ഹൃദയമിടിപ്പു നോക്കാമോയെന്ന് കോലി സഞ്ജുവിനോട് ആവശ്യപ്പെട്ടത്. അതേസമയം തനിക്കു പ്രശ്നമില്ലെന്ന് കോലിയും വ്യക്തമാക്കുന്നതു വീഡിയോയിൽ കാണാം. ഈ ഓവർ പൂർത്തിയായതോടെ ആർസിബി സ്ട്രാറ്റജിക് ടൈം ഔട്ട് ആവശ്യപ്പെടുകയും ചെയ്തു.
ക്രിക്കറ്റ് താരങ്ങളിൽവച്ച് കായികക്ഷമതയ്ക്ക് വലിയ പ്രാധാന്യം കൊടുക്കുന്ന കോലി, മത്സരത്തിനിടെ ഇത്തരത്തിൽ ഹൃദയമിടിപ്പ് പരിശോധിക്കാൻ സഞ്ജുവിനോട് ആവശ്യപ്പെട്ടത് ആരാധകർക്കിടയിൽ വലിയ ചർച്ചയായി. താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആരാധക വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കും ഇതു വഴിവച്ചു.
Kohli asking Sanju to check his heartbeat? What was this 😳 pic.twitter.com/2vodlZ4Tvf
— Aman (@AmanHasNoName_2) April 13, 2025