മുംബൈ: വനിതാ ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ടീം ദേശീയ ഗാനം ആലപിക്കുമ്പോൾ ഒപ്പം ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുന്ന പാക്കിസ്ഥാൻ ആരാധകന്റെ ദൃശ്യങ്ങൾ വൈറൽ. പാക് ആരാധകനായ അർഷാദ് മുഹമ്മദ് ഹനീഫ് എന്നയാളാണ് ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചത്. ഇന്ത്യൻ ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. ക്രിക്കറ്റിന് അതിർത്തിക്കപ്പുറത്തുള്ള ആളുകളെ ഒന്നിപ്പിക്കാനുള്ള കഴിവുണ്ടെന്നാണ് ആളുകൾ ഈ വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്.
വീഡിയോയിൽ പാക് ജേഴ്‌സി ധരിച്ച അർഷാദ് മുഹമ്മദ് ഹനീഫ് എന്ന യുവാവും ഇദ്ദേഹത്തിന്റെ മകളെന്ന് തോന്നിക്കുന്ന ഒരു പെൺകുട്ടിയും ഒരു മുതിർന്ന പുരുഷനുമാണ് വീഡിയോയിലുള്ളത്. ഇന്ത്യ- ദക്ഷിണാഫ്രിക്ക ഫൈനൽ മത്സരത്തിനു മുമ്പായി നവി മുംബൈയിലെ ഗ്രൗണ്ടിൽ ഗായിക സുനിധി ചൗഹാൻ ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചപ്പോഴാണ് ടിവിയിൽ ഈ മത്സരം കാണുകയായിരുന്ന അർഷാദ് മുഹമ്മദ് ഹനീഫും കൂടെയുള്ളവരും എഴുന്നേറ്റു നിന്ന് ഇന്ത്യൻ ദേശീയ ഗാനം ആലപിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ അർഷാദ് മുഹമ്മദ് ഹനീഫ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു.
അതേസമയം ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിനു തോൽപ്പിച്ച് ഇന്ത്യ കിരീടമുയർത്തി. 1978-ൽ അന്താരാഷ്ട്ര ഏകദിനം കളിച്ചുതുടങ്ങിയ ഇന്ത്യൻ വനിതകളുടെ ആദ്യ ലോകകപ്പ് കിരീടമായിരുന്നു ഇത്.
View this post on Instagram
			



































                                






							






