മോസ്കോ: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യങ്ങളെ തുടർന്ന് ലോകമെങ്ങുമുള്ള വിമാന ഗതാഗതം താറുമാറിയിരിക്കുകയാണ്. ഇന്ത്യക്കാരായ ലക്ഷക്കണത്തിന് പ്രവാസികളെയും വിദ്യാർത്ഥികളെയും ഇത്ഇ ബാധിച്ചു. വിവിധ ഇടങ്ങളിലായി കുടുങ്ങിക്കിടക്കുന്നവരുമുണ്ട്. ഇതിനിടെ മോസ്കോയിൽ കുടുങ്ങിപ്പോയ ഒരു ഇന്ത്യക്കാരൻ തന്‍റെ കൈയിൽ ഭക്ഷണത്തിന് പോലും പണം അവശേഷിക്കുന്നില്ലെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും അഭ്യർത്ഥിച്ച് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരിക്കുകയാണ്.
മുംബൈയിൽ നിന്നുള്ള ഒരു ഇന്ത്യൻ എഞ്ചിനീയർ സുനിൽ ഗുപ്തയാണ് തന്റെ നിസഹായാവസ്ഥ വീഡിയോയിലൂടെ പങ്കുവച്ചത്. മോസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ താൻ കുടുങ്ങിയെന്നും എത്തിഹാദ് എയർവേയ്‌സ് തന്നെ മോസ്കോയിൽ ഉപേക്ഷിച്ചെന്നും അദ്ദേഹം ആരോപിക്കുന്നു. ‘ഞാൻ പൂർണ്ണമായും ഒറ്റപ്പെട്ടുപോയി’ എന്ന് പറയുന്ന സുനിൽ ഗുപ്തയുടെ വീഡിയോ എക്സിൽ വൈറലായി. “ഞാൻ മോസ്കോ വിമാനത്താവളത്തിൽ പൂർണ്ണമായും കുടുങ്ങിക്കിടക്കുകയാണ്. ഒറ്റയ്ക്കാണ്, നിസ്സഹായനാണ്, പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. മേക്ക് മൈ ട്രിപ്പിൽ നിന്നോ എത്തിഹാദ് എയർവേസിൽ നിന്നോ ആരും എന്‍റെ സന്ദേശങ്ങൾക്ക് മറുപടി നൽകുന്നില്ല. റഷ്യ വിസയോ മാസ്റ്റർകാർഡോ സ്വീകരിക്കുന്നില്ല. എന്റെ കൈവശം ഭക്ഷണത്തിനോ വെള്ളത്തിനോ പോലും കാശില്ല.” അദ്ദേഹം വീഡിയോയിൽ പറയുന്നു. വീഡിയോ വൈറലായതോടെ ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടു.













































