പത്തനംതിട്ട: വില കുറഞ്ഞ മദ്യം കൂടിയ വിലയ്ക്ക് വിറ്റ് ബെവ്‌കോ ഔട്ട്‌ലെറ്റ് മാനേജറുടെ തട്ടിപ്പ്. കൊടുമൺ ബെവ്‌കോ ഔട്ട്‌ലെറ്റിലെ വിജിലൻസ് പരിശോധനയിൽ വൻ തട്ടിപ്പ് കണ്ടെത്തി. കൂടാതെ ബെവ്‌കോ ഔട്ട്‌ലെറ്റ് മാനേജറുടെ മേശയ്ക്ക് അടിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണവും വിജിലൻസ് കണ്ടെത്തി. വില കുറഞ്ഞ മദ്യം കൂടിയ വിലയ്ക്ക് വിറ്റു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് പരിശോധന നടത്തിയത്.
അതേസമയം ക്രമക്കേട് മറയ്ക്കാൻ ബില്ലുകൾ പൂഴ്ത്തിയെന്നാണ് വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത്. ഉപഭോക്താകൾക്ക് കൊടുക്കാത്ത ബില്ലുകൾ കൊടുമൺ ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്ന് വിജിലൻസിന് ലഭിച്ചു. വ്യാപക ക്രമക്കേട് നടന്നെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഔട്ട്‌ലെറ്റിലെ സ്റ്റോക്ക് പരിശോധന അടക്കം വിശദമായ പരിശോധന നടത്തുമെന്ന് വിജിലൻസ് അറിയിച്ചു. നേരത്തെ കൊടുമൺ ബെവ്‌കോ ഔട്ട്‌ലെറ്റിൽ മദ്യത്തിന് വില കൂടുതൽ ഈടാക്കുന്നതായി ഉപഭോക്താകളുടെ ഭാഗത്ത് നിന്ന് പരാതികൾ ഉയർന്നിരുന്നു. പത്ത് രൂപ മുതൽ മുപ്പത് രൂപ വരെ മദ്യത്തിന് അധിക വില ഈടാക്കിയിരുന്നതായി ആണ് പരാതി.
















































