കൊച്ചി: മോഷണക്കേസിൽ ആളുമാറി കസ്റ്റഡിയിലെടുത്ത് യുവാവിനെ പോലീസുകാർ ക്രൂരമായി തല്ലിച്ചതച്ചതിൽ കർശന അന്വേഷണത്തിന് എസ്പി ഉത്തരവിട്ടിട്ടും നടപടിയായില്ല. മൂവാറ്റുപുഴ പെരുമ്പല്ലൂർ മടത്തിക്കുടിയിൽ അമൽ ആന്റണി (35)ക്കാണ് പോലീസിന്റെ ക്രൂരമായ കസ്റ്റഡി മർദനത്തിൽ നട്ടെല്ലിനും കഴുത്തിനും ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റ യുവാവ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ആദ്യം ചികിത്സ തേടിയെങ്കിലും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സിക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കിടപ്പിലായ അമൽ ഇപ്പോൾ താൽക്കാലികമായി ആയുർവേദ തിരുമ്മൽ ചികിത്സ തേടിയിരിക്കുകയാണ്.
അതേസമയം15 വർഷമായി ഇലക്ട്രിക്കൽ ജോലി ചെയ്ത് കുടുംബം പോറ്റുന്നയാളാണ് അമൽ. എന്നാൽ ഈ മാസം 12ന് ഉച്ചയോടെ വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നാലംഗ പോലീസ് സംഘം എത്തി അമലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബാറ്ററി വിറ്റോ എന്നായിരുന്നു പോലീസിന്റെ ആദ്യ ചോദ്യം. വിറ്റുവെന്നു പറഞ്ഞതോടെ എവിടെ നിന്ന് മോഷ്ടിച്ചതാണെന്നായി അടുത്ത ചോദ്യം. തന്റെ വീട്ടിലെ പഴയ ബാറ്ററിയാണ് വിറ്റതെന്ന് പറഞ്ഞിട്ടും കേൾക്കാൻ പോലും കൂട്ടാക്കാതെ അമ്മയുടെയും ഭാര്യയുടെയും ഒരു വയസുള്ള കുഞ്ഞിന്റെയും മുന്നിലിട്ട് മർദിച്ചു. പിന്നീട് പോലീസ് ജീപ്പിലേക്ക് വലിച്ചിഴച്ചു കയറ്റുകയായിരുന്നു എന്ന് അമൽ റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
ജീപ്പിൽ വച്ചും മർദനം തുടർന്നു. ഒരാൾ രണ്ടു കൈയും കൂട്ടിപ്പിടിക്കുകയും മറ്റൊരാൾ മുട്ടുകൊണ്ട് പുറത്ത് പലവട്ടം ഇടിച്ചെന്നും പരാതിയിൽ പറയുന്നു. പെരുമ്പല്ലൂർ മുതൽ മൂവാറ്റുപുഴ സ്റ്റേഷനിൽ എത്തുന്നതു വരെ പോലീസ് വാഹനത്തിൽ വച്ചും പിന്നീട് സ്റ്റേഷനിൽ കൊണ്ടുപോയും മർദിച്ചതിനെ തുടർന്നു നട്ടെല്ലിനും കഴുത്തിനും ഗുരുതര പരുക്കുപറ്റി.
അതേസമയം നഗരത്തിലെ ഒരു കടയിൽ നിന്ന് ബാറ്ററി മോഷണം പോയെന്ന പരാതിയിലാണ് അമലിനെ പിടികൂടി പോലീസ് ക്രൂരമായി മർദിച്ചത്. കടയുടെ സിസി ടിവി ദൃശ്യത്തിൽ ഒരാൾ ബാറ്ററിയുമായി പോകുന്നത് കണ്ടതും മറ്റൊരു കടയിൽ ബാറ്ററി വിറ്റു എന്ന വിവരം ലഭിച്ചതിന്റെയും അടിസ്ഥാനത്തിൽ പ്രതി അമലാണെന്നു തീരുമാനിച്ച് പോലീസ് അമലിനെ തേടിയെത്തുകയായിരുന്നു. എന്നാൽ പിന്നീടു നടത്തിയ അന്വേഷണത്തിൽ 2 വർഷം മാത്രം പഴക്കമുള്ള ബാറ്ററിയാണ് മോഷണം പോയതെന്ന് പോലീസിന് മനസിലായി. അമൽ വിറ്റ ബാറ്ററിയാകട്ടെ 10 വർഷം പഴക്കമുള്ളതും. ഇതോടെ ആളുമാറിയാണ് മർദിച്ചതെന്ന് മനസിലാക്കി പോലീസ് അമലിനെ വീട്ടിൽ പറഞ്ഞു വിടുകയായിരുന്നു.
എന്നാൽ ചെയ്യാത്ത കുറ്റത്തിനു മർദനമേറ്റുവാങ്ങിയ അമൽ മുഖ്യമന്ത്രിക്കും റൂറൽ ജില്ലാ പോലീസ് മേധാവിക്കും പോലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റിക്കും പരാതി നൽകി. പരാതി അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ എസ്പി മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് നിർദേശം നൽകിയെങ്കിലും ഇതുവരെ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.