കാരക്കസ്: യുഎസിനെതിരേ രൂക്ഷവിമർശനവും പരിഹാസവുമായി വെനസ്വേലയിലെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്. മയക്കുമരുന്ന് കടത്തൽ, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് വെനസ്വേലയ്ക്കെതിരേ ലോകത്തിനു മുന്നിൽ യുഎസ് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും യഥാർഥ കാരണം മേഖലയിലെ ഊർജസമ്പത്തിനോടുള്ള ആർത്തിയാണെന്നും അവർ പറഞ്ഞു. വെനസ്വേലൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഡെൽസി.
നിങ്ങൾക്കെല്ലാം അറിയാം, വെനസ്വേലയുടെ വിഭവങ്ങൾക്കുമേലുള്ള ആർത്തിയാണ് യുഎസിനുള്ളതെന്ന്. മയക്കുമരുന്ന് കടത്തൽ, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള അസത്യങ്ങളെല്ലാം ഒഴിവുകഴിവുകളായിരുന്നു, യുഎസുമായി, എല്ലാ കക്ഷികൾക്കും ഗുണപ്രദമായതും വ്യാപാര കരാറിൽ കൃത്യമായി നിർവചിച്ചിട്ടുള്ളതുമായ ഊർജബന്ധത്തിന് വെനസ്വേല തയ്യാറാണ്.- അവർ വ്യക്തമാക്കി.
അതേസമയം വെനസ്വേലൻ ഭരണകൂടത്തിൽനിന്ന് യുഎസിന് പൂർണ പിന്തുണ ലഭിക്കുന്നുണ്ടെന്നും വർഷങ്ങളോളം വെനസ്വേലയേയും അതിന്റെ എണ്ണ ശേഖരത്തെയും നിയന്ത്രിക്കുമെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെയാണ് ഡെൽസിയുടെ നിലപാട് പ്രഖ്യാപിച്ചത്.














































