കാര്യങ്ങൾ ഉൾട്ടയാവുകയാണോയെന്ന സംശയത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാരണം മറ്റൊന്നുമല്ല ട്രംപിനെതിരെ പ്രതിഷേധംതന്നെ. നടത്തുന്നത് മറ്റാരുമല്ല, അമേരിക്കൻ പൗരന്മാർ തന്നെ. ലോകത്ത് മറ്റേതൊരു രാഷ്ട്രത്തലവനും നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് ട്രംപ് കടന്നു പോകുന്നത്. കസേര പോകുമെന്നത് മാത്രമല്ല, വയസാം കാലം അഴിക്കുള്ളിൽ സർക്കാർ ചെലവിൽ കഴിയേണ്ടി വരുമോ എന്നതും ട്രംപിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതിൽ നിന്നൊക്കെ ശ്രദ്ധ തിരിച്ചുവിടാനുള്ള ഞൊടുക്കു വിദ്യകളാണ് ഇപ്പോൾ ട്രംപ് അനുകൂലികൾ പടച്ചു വിട്ടുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കൻ പ്രോപ്പഗാൻഡയുടെ ചുവടുപിടിച്ച് മഡൂറോ ഭരണം അവസാനിച്ചതിൽ വെനിസ്വേലൻ ജനത ആഘോഷത്തിലാണെന്ന രീതിയിൽ അമേരിക്ക നിരവധി ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. തന്റെ സോഷ്യൽ മീഡിയയിലൂടെ ട്രംപ് തന്നെ നേരിട്ടും ഇത്തരം ചിത്രങ്ങൾ പങ്കുവച്ചിരുന്നു. എന്നാൽ ഒരു കാര്യം ആലോചിച്ചു നോക്കൂ, വെനിസ്വേലയിൽ ഭരണ മാറ്റം ഉണ്ടായോ. മഡൂറോ സ്ഥാനത്തില്ല എന്ന് പറയാമെങ്കിലും പകരം താൽക്കാലികമായി തൽ സ്ഥാനത്തിരിക്കുന്ന ഡെൽസി റോഡ്രിഗസ് പറഞ്ഞത് മഡൂറോ തന്നെയാണ് ഇപ്പോഴും രാഷ്ട്രത്തലവൻ എന്നും മഡൂറോയുടെ നയങ്ങൾ തന്നെയാണ് രാജ്യത്തെ മുന്നോട്ട് നയിക്കുകയുമെന്നാണ്.
അപ്പോൾ ഭരണം മാറിയെന്ന് പറഞ്ഞ് നടത്തുന്ന ആഹ്ലാദ പ്രകടനങ്ങളുടെ വസ്തുത എന്താണ്. അവിടെയാണ് ചെറിയ കൂട്ടങ്ങളായ വിദേശങ്ങളിലുള്ള വെനിസ്വേലൻ ജനതയുടെ പ്രകടനങ്ങളുടെ ചിത്രങ്ങൾ മാത്രം എടുത്തു പ്രചരിപ്പിക്കുന്നതിന്റെ വിജയം. വിരലിലെണ്ണാവുന്ന ഇത്തരം പ്രകടനങ്ങളെ രാജ്യത്തിന്റെ പൊതുവികാരമെന്ന രീതിയിൽ പ്രചരിപ്പിക്കുമ്പോൾ ഇത്രമാത്രം ആഘോഷം നടത്താൻ അവിടെ ഭരണമാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്ന വസ്തുതയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു.
എന്നാൽ മറ്റൊരു ഭാഗം നോക്കൂ. മഡൂറോ തടവിലായിട്ടും വെനിസ്വേലയെ ഭരിക്കുന്നത് ഒരർത്ഥത്തിൽ ഇപ്പോഴും മഡൂറോ തന്നെയാണ്. അദ്ദേഹത്തിന്റെ പിൻഗാമികൾ മഡൂറോക്ക് ഉറച്ച പിന്തുണയാണ് പ്രഖ്യാപിച്ചിട്ടുള്ളതും. എന്നാൽ മഡൂറോയെ തടവിലാക്കിയ ട്രംപിന്റെ അവസ്ഥയോ. കഴിഞ്ഞ ദിവസം ട്രംപ് തന്നെ റിപ്പബ്ലിക്കൻ പാർട്ടിയുടെ യോഗത്തിൽ ഉടനെ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രാദേശിക തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചില്ലെങ്കിൽ തന്നെ ഇംപീച്ച് ചെയ്യാൻ സാധ്യതയുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. കാരണം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇപ്പോഴും അമേരിക്കൻ പാർലമെന്റായ കോൺഗ്രസിൽ ഇപ്പോഴും ഭൂരിപക്ഷം ഇല്ലാതെയാണ് റിപ്പബ്ലിക്കൻ പാർട്ടി തുടരുന്നത്. ശരിക്കു പറഞ്ഞാൽ തടവിലാണെങ്കിലും മഡൂറോയുടെ സ്ഥാനം ഇപ്പോഴും ഉറച്ചു നിൽക്കുമ്പോൾ കസേരയിലുള്ള ട്രംപിന്റെ ഭാവി ഇപ്പോഴും തുലാസിൽ തന്നെയാണ്.
വെനിസ്വേലയെ ജനുവരി 3 ന് തന്നെ ആക്രമിക്കാനുള്ള കാരണം എന്ത്?
ജനുവരി 6 ന് അമേരിക്കയിൽ പ്രതിപക്ഷ കക്ഷികളെല്ലാം ചേർന്ന് ഒരു അനുസ്മരണം രാജ്യവ്യാപകമായി ആചരിക്കാൻ തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അത് 2021 ൽ അമേരിക്കൻ ജനാധിപത്യ വ്യവസ്ഥയെ ട്രംപും അനുകൂലികളും ചേർന്ന് അട്ടിമറിക്കാൻ ശ്രമിച്ച 2021 ജനുവരി 6 ലെ കലാപത്തിന്റെ അഞ്ചാം വാർഷിക അനുസ്മരണമാണ്. ശരിക്കു പറഞ്ഞാൽ പ്രതിപക്ഷം എന്ന് പറയാനാവില്ല, പാർലമെന്റിലും ആകെ സീറ്റുകളിലും ജനപിന്തുണയിലും മുന്നിൽ നിൽക്കുന്നത് ഡെമോക്രാറ്റുകൾ തന്നെയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എതിരാളിയെ വീഴ്ത്തിയതുകൊണ്ട് മാത്രം ട്രംപ് കസേരയിൽ ഇരിക്കുന്നുവെന്നേ ഉള്ളൂ. കഴിഞ്ഞ മാസങ്ങളിൽ സർക്കാർ സ്ഥാപനങ്ങൾ അടച്ചിടുന്നതുൾപ്പെടെയുള്ള പ്രതിസന്ധികളുടെ മൂല കാരണം അതാണ്. ഇത്തവണ പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്നുവെന്നതുകൊണ്ട് മാത്രം അന്ന് ജനുവരി 6 ന് നടന്ന കലാപത്തിന്റെ ക്രിമിനൽ വിചാരണയിൽ നിന്നും തൽക്കാലത്തേക്ക് രക്ഷപ്പെട്ടു നിൽക്കുകയാണ് ട്രംപും അനിയായികളും.
2021 ജനുവരി 6 ന്റെ സംഭവങ്ങൾ നിങ്ങളിൽ പലർക്കും ഓർമയുണ്ടാവാം. എന്നാലും അറിയാത്തവർക്കായി ചുരുക്കി ഒന്ന് പറയാം. 2021 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടുമെന്ന് സ്വയം പ്രഖ്യാപിച്ച ട്രംപ് പക്ഷേ ജോ ബൈഡനോട് പരാജയപ്പെടുകയായിരുന്നു. നമ്മുടെ മോദിജിയെ വരെ അവിടെ പ്രചാരണത്തിന് ട്രംപ് കൊണ്ടുപോയത് നിങ്ങൾ ഓർക്കുന്നുണ്ടായവും. മോദിജി മൈ ഫ്രണ്ട് എന്നൊക്കെ പറഞ്ഞ് കെട്ടിപ്പിടിച്ചത്. എന്നിട്ടും തോറ്റതെങ്കിലും തോൽവി അംഗീകരിക്കാൻ ട്രംപ് തയ്യാറായിരുന്നില്ല. തെരഞ്ഞെടുപ്പിൽ വ്യാപകമായ അട്ടിമറി നടന്നുവെന്നും താനാണ് ജയിച്ചതെന്നും ഒക്കെ സ്വയം അങ്ങ് പ്രഖ്യാപിക്കുകയും ചെയ്തു. പോരാത്തതിന് തനിക്കനുകൂലമായിട്ടുള്ള ഉദ്യോഗസ്ഥരെ വച്ച് ഫലം അട്ടിമറിക്കാനും ശ്രമം നടത്തി നോക്കി. എന്നിട്ടും രക്ഷയുണ്ടായില്ല. ഒടുവിൽ അമേരിക്കൻ കോൺഗ്രസിൽ ഇലക്ട്രൽ വോട്ടുകൾ സാക്ഷ്യപ്പെടുത്തുന്ന ഒരു നടപടിയുണ്ട്. നമ്മുടെ നാട്ടിലെ വിശ്വാസ വോട്ട് പോലെയുള്ള ഒരു നടപടി.
അത് നടന്ന ജനുവരി 6 ന് തന്റെ അനുയായികളെ വാഷിംഗ്ടണിലേക്ക് വിളിച്ചു വരുത്തി റാലി നടത്തുകയും നടപടികൾ തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ആയിരക്കണക്കിനാളുകൾ ക്യാപിറ്റോളിലേക്ക് ഇരച്ചു കയറുകയും കോൺഗ്രസ് അംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ജനാലകളും ഫർണീച്ചറുകളും നശിപ്പിക്കുകയും ചെയ്തു. പോലീസ് നടപടിയി നിരവഝി പോലീസി ഉദ്യോഗസ്ഥർക്ക് പിരക്കേൽക്കുകയും ഒരു പോലീസുകാരനുൾപ്പെടെ 5 ആളുകൾ കൊല്ലപ്പെടുകയും ചെയ്തു. ഇതാണ് ജനുവരി 6 സംഭവം. അമേരിക്കൻ ജനാധിപത്യത്തിലെ ഏറ്റവും കറുത്ത ദിനമായാണ് ഇത് കരുതപ്പെടുന്നത്. ഇതിനെതുടർന്ന് ട്രംപിനെതിരെ നിരവധി കേസുകൾ ഫെഡറൽ കോടതിയിൽ നിൽക്കുന്നുണ്ട്. രണ്ടാം തവണ ജയിച്ചതിനാൽ പലതും താൽക്കാലികമായി വിചാരണ നീട്ടിവെക്കപ്പെട്ട അവസ്ഥയിലാണ്. എന്നാൽ ഏത് നിമിഷവും അത് പുറത്തെടുക്കപ്പെട്ടേക്കാമെന്നും താൻ ഇംപീച്ച് ചെയ്യപ്പെട്ടേക്കാമെന്നും ട്രംപ് ഭയക്കുന്നുണ്ട്. അതാണ് ഇത്തവണ ജനുവരി 6 ന്റെ അനുസ്മരണം വ്യാപകമായി ഡെമോക്രാറ്റുകൾ ആചരിക്കാൻ തീരുമാനിച്ചത് ട്രംപിനെ വലിയ ഭീതിയിലാഴ്ത്തിയത്.
ജനുവരി 6 ന്റെ അനുസ്മരണം രാജ്യവ്യാപകമായി നടത്തപ്പെടുകയും ജനങ്ങൾ പങ്കെടുക്കുയും ചെയ്താൽ ലോക ശ്രദ്ധമുഴുവൻ അതിലേക്ക് മാറുമെന്നും വലിയ ചർച്ചയാകുമെന്നും ട്രംപിനുറപ്പായിരുന്നു. അതാണ് അതിനു 2 ദിവസം മുമ്പ് അതിനേക്കാൾ വലിയൊരു വാർത്ത ലോകത്തിന് നൽകാൻ ട്രംപ് ശ്രമിച്ചത്. വെനിസ്വേലയെ ആക്രമിക്കാനുള്ള തീയതിക്കു പിന്നിൽ ഈ ഒരു കാരണമാണ് പ്രധാനമായി പറയപ്പെടുന്നത്. എന്നാൽ ജനുവരി 6 ന് അമേരിക്കയിൽ പ്രതിഷേധയോഗങ്ങൾ വ്യാപകമായി തന്നെ നടന്നു. പക്ഷേ ലോകം വെനിസ്വേലയിലേക്ക് ശ്രദ്ധയൂന്നിയതിനാൽ ആ പ്രതിഷേധ പ്രസംഗങ്ങൾ അമേരിക്കയ്ക്കു പുറത്ത് വലിയ വാർത്തയായില്ല. അതിൽ പ്രധാനപ്പെട്ട 2 പേരുടെ പ്രസംഗങ്ങളിലെ ചുരുക്കം പറയാം.
ആദ്യം ഡെമോക്രാറ്റ് നേതാവായ ജാമി റസ്കിന്റെ വാക്കുകൾ.
ഭാവി തലമുറകൾ ഹോഡ്ജസ്, ഡൺ, ഗോണെൽ, ഫാനോൺ, സിക്നിക്, പിങ്ങൻ എന്നീ പേരുകൾ ഉച്ചരിക്കും. (അവരാണ് അന്ന് കൊല്ലപ്പെട്ട 5 പേർ. നമ്മുടെ കൂത്തുപറമ്പ് വെടിവെപ്പ് പോലുള്ള ഒരു അതിക്രമമായിരുന്നു അതും.) അവർ ധീരരായ ദേശസ്നേഹികളായി എക്കാലവും ഓർക്കപ്പെടും. എന്നാൽ കോൺഫെഡറേറ്റ് യുദ്ധ പതാകകളും ട്രംപ് പതാകകളും ഉപയോഗിച്ച് അവരുടെ മുഖത്തടിച്ചവർ, നമ്മുടെ ഭരണഘടനാ ക്രമത്തെ നശിപ്പിക്കാൻ ശ്രമിച്ചവർ, സ്വന്തം രാജ്യത്തോട് ഫാസിസ്റ്റ് ദ്രോഹികളായി ഓർക്കപ്പെടും.
ജനുവരി 6-ൽ നടന്ന മൂന്ന് രാജ്യദ്രേഹങ്ങൾ നാം ഓർക്കണം: അട്ടിമറി, കലാപം, കൂട്ടക്കൊല
അട്ടിമറി മാസങ്ങളോളം നീണ്ട “ബിഗ് ലൈ”യിൽ ഉറപ്പിച്ചിരുന്നു. ട്രംപ് 70 ലക്ഷത്തിലധികം വോട്ടുകളും ഇലക്ടറൽ കോളേജിൽ 306-232 ഉം തോറ്റ ഒരു തെരഞ്ഞെടുപ്പിൽ ജയിച്ചെന്ന് അവകാശപ്പെട്ടു. തന്റെ മാഗാ അനുയായികളോട് യാഥാർത്ഥ്യവും വസ്തുതകളും അവഗണിക്കാനും 60-ലധികം ഫെഡറൽ, സ്റ്റേറ്റ് കോടതി തീർപ്പുകളും തള്ളാനും ട്രംപ് ആവശ്യപ്പെട്ടു. അതിന്റെ തുടർച്ചയായിരുന്നു അമേരിക്കൻ ജനാധിപത്യത്തിലെ ഏറ്റവും കറുത്ത ആദിനം. അത്തരമൊരാൾക്ക് ഒരു ദിവസം പോലും അമേരിക്കൻ പ്രസിഡന്റായി ഇരിക്കാനുള്ള അർഹതയില്ല.
ഇനി ഹകീം ജഫ്രിയുടെ വാക്കുകൾ കൂടി നോക്കാം.
ട്രംപ് ഭരണകൂടം 2026-നെ തുടങ്ങിയിരിക്കുന്നത് 2025 മുഴുവൻ ചെയ്തതുപോലെ തന്നെയാണ്. ആധുനിക അമേരിക്കൻ ചരിത്രത്തിൽ കാണാത്ത തോതിൽ അരാജകത്വം, പ്രതിസന്ധി, അഴിമതി എന്നിവ പടർത്തിക്കൊണ്ടാണ്. ട്രംപ് ഭരണകൂടം തങ്ങളുടെ മുഴുവൻ കാലയളവിലും അമേരിക്കൻ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ഒരു ചെറിയ കാര്യം പോലും ചെയ്തിട്ടില്ല. ഡൊണാൾഡ് ട്രംപും ഭരണകൂടവും റിപ്പബ്ലിക്കൻ തീവ്രവാദികളും 2024-ൽ അധികാരം നേടാൻ ക്യാമ്പെയ്ൻ നടത്തിയപ്പോൾ അവർ വാഗ്ദാനം ചെയ്തത് ജീവിതച്ചെലവ് കുറയ്ക്കുമെന്നാണ്. ട്രംപ് തന്നെ പറഞ്ഞു: തന്റെ ഭരണത്തിന്റെ ആദ്യ ദിവസം തന്നെ ചെലവുകൾ കുറയുമെന്ന്. ഒരു വർഷം കഴിഞ്ഞിട്ടും അമേരിക്കയിൽ ചെലവുകൾ കുറഞ്ഞിട്ടില്ല. ചെലവുകൾ കൂടിയിരിക്കുന്നു.
മാത്രമല്ല ട്രംപും ഭരണകൂടവും യുദ്ധങ്ങൾ തുടങ്ങുകയാണ്. ഏറ്റവും ഒടുവിൽ വെനിസ്വേലയിലെ അനധികൃത സൈനിക നടപടി.
ഇത് ഒരു നിയമ നടപ്പാക്കൽ നടപടിയല്ല. അവർ അമേരിക്കൻ ജനങ്ങളോട് കള്ളം പറയുകയാണ്. ഇത് ലോകത്ത് മുമ്പ് കാണാത്ത സൈനിക നടപടി ആണ്.
മഡൂറോ ഒരു മോശം ആൾ ആയിരിക്കാം, ഒരു ഏകാധിപതി ആയിരിക്കാം, പക്ഷേ വെനിസ്വേലയിലെ നിയമാനുസൃത സർക്കാർ തലവനോ രാഷ്ട്രത്തലവനോ അല്ലേ. വെനിസ്വേലൻ ജനതയുടെ ഭാവി വെനിസ്വേലൻ ജനത തീരുമാനിക്കേണ്ടതാണ്, ഡൊണാൾഡ് ട്രംപോ, പീറ്റ് ഹെഗ്സെത്തോ സ്റ്റീവൻ മില്ലറോ അല്ല.
ഇവർ അമേരിക്ക പോലും ഭരിക്കാൻ അറിയാത്തവരാണ്! ട്രംപ് ഭരണകൂടത്തിന് 30 മില്യൺ ജനസംഖ്യയുള്ള ദക്ഷിണ അമേരിക്കൻ രാജ്യമായ വെനിസ്വേല ഭരിക്കാൻ കഴിയുമെന്ന് വിശ്വസിക്കാൻ ആരാണ് തയ്യാറാകുന്നത്?
അമേരിക്കൻ ജനത മറ്റൊരു അന്യായമായ വിദേശ യുദ്ധത്തെ നിരസിക്കുന്നു, ട്രംപിന്റെ വലിയ ഓയിൽ കമ്പനികളെ പ്രീണിപ്പിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്.
രണ്ട് പ്രധാന പ്രസംഗങ്ങൾ മാത്രം സൂചിപ്പിച്ചതാണ്. ഇത്തരത്തിൽ അമേരിക്കയിൽ കഴിഞ്ഞ ജനുവരി ആറിന് ട്രംപിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്. ആ വിഷയം സ്വന്തം പാർട്ടി മീറ്റിംഗിൽ ട്രംപ് പറയുകയും ചെയ്തു. എന്നാൽ ലോകത്തിനു മുന്നിൽ മഡൂറോയെ നീക്കിയതിൽ വെനിസ്വേലൻ ജനത ആഘോഷിക്കുകയാണ് എന്ന പ്രചരണം നടത്തി സ്വന്തം പ്രതിസന്ധിയെ മറച്ചു പിടിക്കാനാണ് ട്രംപ് ചെയ്യുന്നത്. ഇതേ പരിപാടിയാണ് സ്വന്തം കേസ് നീട്ടാനായി ബെഞ്ചമിൻ നെതന്യാഹു ഇസ്രയേലിലും ചെയ്തു കൊണ്ടിരിക്കുന്നത്.
എന്തായാലും അമേരിക്കയിൽ ട്രംപിന്റെ പിന്തുണ നാൾ്ക്കു നാൾ കുറഞ്ഞു വരികയാണ്. അടുത്തു നടക്കുന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻമാർക്ക് വിജയം നേടാനായില്ലെങ്കിൽ ട്രംപ് ഭയക്കുന്നതുപോലെ ഇംപീച്ച് മെന്റും വിചാരണയും എല്ലാം പിന്നാലം കാത്തിരിക്കുന്നുണ്ട്.














































