തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ഗാനരചയിതാവായി വേടനെ തിരഞ്ഞെടുത്തതിൽ സാമൂഹികമാധ്യമങ്ങളിൽ അമർഷം പുകയുന്നു. ബലാത്സംഗ ആരോപണം നേരിടുന്ന വ്യക്തിക്ക് അവാർഡ് നൽകിയത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ബലാത്സംഗക്കേസിൽ അറസ്റ്റിലായ വേടൻ ജാമ്യത്തിലാണ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവഡോക്ടറുടെ പരാതിയിൽ വേടനെ തൃക്കാക്കര പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ വിട്ടയക്കുകയായിരുന്നു. കഴിഞ്ഞദിവസം കോടതി ജാമ്യവ്യവസ്ഥയിൽ വേടന് ഇളവ് നൽകി.
മാത്രമല്ല ഗവേഷക വിദ്യാർഥിനിയെ അപമാനിച്ചെന്ന കേസിലും വേടൻ പ്രതിയാണ്. നേരത്തേ, വേടനെതിരേ മീറ്റൂ ആരോപണവുമുണ്ടായിരുന്നു. അന്ന് വേടൻ മാപ്പ് പറഞ്ഞിരുന്നു. കഞ്ചാവ് കണ്ടെടുത്ത കേസിലും പുലിനഖം കൈവശംവെച്ച കേസിലും പ്രതിയാണ് വേടൻ. ഇക്കാര്യങ്ങളൊക്കെ എണ്ണിപ്പറഞ്ഞാണ്സാമൂഹികമാധ്യമവിമർശനങ്ങൾ ഏറേയും.
കൂടാതെ 2021-ൽ നടൻ ഇന്ദ്രൻസിന് സംസ്ഥാന അവാർഡ് നിഷേധിച്ചത് ചൂണ്ടിക്കാട്ടിയും വിമർശനം ഉയരുന്നുണ്ട്. ചിത്രത്തിന്റെ നിർമാതാവിനെതിരേ ആരോപണവും കേസുമുണ്ടായതിനെത്തുടർന്ന് അഭിനേതാക്കൾക്കും അവാർഡ് നിഷേധിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം വന്ന സമയത്തായിരുന്നു ഹോം എന്ന ചിത്രത്തിന്റെ നിർമാതാവും നടനുമായ വിജയ് ബാബുവിനെതിരെ ലൈംഗികാരോപണവും കേസുകളും ഉയർന്നുവന്നത്. എങ്കിലും ഈ ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രൻസിനും മഞ്ജു പിള്ളയ്ക്കും പുരസ്‌കാരമുണ്ടാവുമെന്ന് അഭ്യൂഹങ്ങൾ പടർന്നിരുന്നെങ്കിലും പുരസ്‌കാരപ്പട്ടികയിൽ ഒരിടത്തുപോലും ‘ഹോമി’ന് ഇടമുണ്ടായില്ല.
ഇക്കാര്യത്തിൽ ഒരു കുടുംബത്തിൽ ആരെങ്കിലും തെറ്റുചെയ്താൽ എല്ലാവരെയും ശിക്ഷിക്കണോയെന്നാണ് ഇന്ദ്രൻസ് അന്ന് ചോദിച്ചത്. ഇന്ദ്രൻസ് ഉൾപ്പെടെയുള്ളവർക്ക് പുരസ്‌കാരം കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്ന് ‘ഹോമി’ന്റെ സംവിധായകൻ റോജിൻ തോമസും അംഗീകാരം പ്രതീക്ഷിച്ചിരുന്നതായി ചിത്രത്തിലെ മുഖ്യകഥാപാത്രമായ നടി മഞ്ജുപിള്ളയും പ്രതികരിച്ചു. അന്ന് എംഎൽഎയായിരുന്ന ഷാഫി പറമ്പിൽ അടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു. പിന്നാലെ, 69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ ഇന്ദ്രൻസ് പ്രത്യേകപരാമർശത്തിന് അർഹനായിരുന്നു.
അതേസ്ഥാനത്തു ആരോപണം നേരിടുന്ന വേടനു അവാർഡ് നൽകുന്നതിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയാണ് വിമർശനം. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വിമർശനവുമായി സംവിധായകൻ കെ.പി. വ്യാസൻ രംഗത്തെത്തിയിരുന്നു. വേടന്റ സ്ഥാനത്ത് ദിലീപിനായിരുന്നു സംസ്ഥാന അവാർഡ് നൽകിയതെങ്കിൽ കേരളത്തിലെ സാംസ്‌കാരിക നായികാ- നായകന്മാർ എന്തുമാത്രം ബഹളംവെച്ചേനെയെന്ന് വ്യാസൻ ചോദിച്ചു.
അതേസമയം ‘മഞ്ഞുമ്മൽ ബോയ്‌സി’ലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന റാപ്പിനാണ് വേടന് അവാർഡ് ലഭിച്ചത്. ജൂറി അധ്യക്ഷനായിരുന്ന പ്രകാശ് രാജിന്റെ ഉറച്ച നിലപാടാണ് അവാർഡ് നിർണയത്തിന് പിന്നിലെന്ന് സൂചനയുണ്ടായിരുന്നു. വ്യവസ്ഥാപിത എഴുത്തുരീതികളെ അതിലംഘിക്കുന്ന വേടന്റെ പാട്ടിനെ അംഗീകരിക്കണമെന്ന പ്രകാശ് രാജിന്റെ നിർദേശത്തെ എതിർപ്പുകൾക്കിടയിലും ജൂറിയിൽ ചിലർ പിന്താങ്ങുകയായിരുന്നു.
			



































                                






							






