കൊച്ചി: റാപ്പർ ഹിരൺദാസ് മുരളിക്കെതിരെ (വേടൻ) ലൈംഗികാതിക്രമ പരാതി നൽകിയ യുവതി തന്നെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടരുതെന്ന് പൊലീസിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് സി.പ്രതീപ് കുമാർ സർക്കാരിന്റെ വിശദീകരണം തേടി. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. 2020 ഡിസംബറിൽ ദലിത് സംഗീതത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് വേടന്റെ താമസ സ്ഥലത്തെത്തിയ ഹർജിക്കാരിയോട് ലൈംഗിക അതിക്രമം കാട്ടിയെന്നാണു മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
മുഖ്യമന്ത്രി പരാതി പൊലീസിനു കൈമാറി. തുടർന്നു കേസ് രജിസ്റ്റർ ചെയ്തു. മൊഴി നൽകാനായി സ്റ്റേഷനിൽ എത്താൻ ഹർജിക്കാരിക്കു പൊലീസ് നോട്ടിസ് നൽകി. വേടന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനംമൂലം തന്റെ വിശദാംശങ്ങളും ആരോപണങ്ങളും ഉൾപ്പെടെ പരസ്യമാക്കാൻ സാധ്യതയുണ്ടെന്നു ഹർജിക്കാരി ആശങ്ക പ്രകടിപ്പിച്ചു. പരാതിയിൽ മൊഴി നൽകാൻ വിളിപ്പിക്കാൻ പൊലീസിന് അധികാരമുണ്ടെങ്കിലും വ്യക്തിപരമായ വിവരങ്ങൾ പുറത്തുപോകുന്നതു തടയാൻ നോട്ടിസ് റദ്ദാക്കണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടു.
പ്രതിയിൽനിന്നും കൂട്ടാളികളിൽനിന്നും ഭീഷണിക്കും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ, അതിക്രമത്തിന് ഇരയായവർക്കു നിയമം സംരക്ഷണം നൽകുന്നുണ്ട്. പരാതിയിൽ പ്രാഥമിക അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ, സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചതിനു ന്യായമായ കാരണങ്ങൾ പൊലീസ് പറഞ്ഞിട്ടില്ലെന്നും ഹർജിക്കാരി അറിയിച്ചു.