കോഴിക്കോട്: അയ്യപ്പ സംഗമം അയ്യപ്പന്റെ പേരിലുള്ള മറ്റൊരു തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ പടം വെച്ച് കേരളം മുഴുവന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് അയ്യപ്പസംഗമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കണക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി നിരീക്ഷണത്തില്‍ നടത്തിയ സംഗമത്തില്‍ പോലും കോടികളുടെ കൊള്ളയാണ് നടത്തിയത്. പരിപാടി അവതരിപ്പിക്കാത്ത ഭജന സംഘത്തിന്റെ പേരിലും പണം എഴുതിയെടുത്തു.
നാലായിരം പേര്‍ക്ക് ഭക്ഷണം നല്‍കിയെന്നാണ് കണക്ക്. കൊട്ടിഘോഷിച്ച് നടത്തിയിട്ടും അറുനൂറ് പേര്‍ മാത്രമാണ് പരിപാടിക്കെത്തിയത്’ -സതീശൻ പറഞ്ഞു.കോടതി നിരീക്ഷണത്തില്‍ ഇത്രയും കൊള്ള നടത്തിയെങ്കില്‍ ഇവര്‍ എന്തൊക്കെ അടിച്ചു മാറ്റിക്കാണുമെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും മുന്‍കൈ എടുത്ത് നടത്തിയ പരിപാടിയിലും കൊള്ള നടത്താന്‍ മടികാട്ടാത്തവരാണ് ഒപ്പമുള്ളത്.
ദേവസ്വം വകുപ്പിന്റെ മറവില്‍ നടത്തിയ കൊള്ളയെ കുറിച്ച് ഹൈകോടതി അന്വേഷിക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ശബരിമലയില്‍ ഇത്രയും വലിയ വിവാദത്തിനിടയിലാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിലും കൊള്ള നടത്താന്‍ ധൈര്യം കാട്ടിയത്. പോകുന്ന പോക്കില്‍ എല്ലാ അടിച്ചുമാറ്റിക്കൊണ്ട് പോകാനാണ് ശ്രമിക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.















































