കൊച്ചി: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് പിന്നിൽ വളരെ ദുരൂഹതകളുണ്ടെന്നും ജയിലിനുള്ളിൽ നിന്നും പുറത്തു നിന്നും ഗോവിന്ദച്ചാമിക്ക് സഹായം കിട്ടിയെന്നതിൽ ഒരു സംശയവുമില്ലെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഒരു കൈയ്ക്ക് സ്വാധീനമില്ലാത്ത ആൾ രാത്രി ഒന്നേ കാലിന് കമ്പികൊണ്ട് ജയിൽ മുറിയിലെ ജനൽ കമ്പി മുറിച്ച് പുറത്തു കടന്ന് തുണി കെട്ടി ഇത്രയും വലിയ മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടെന്നത് അവിശ്വസനീയമാണ്. സർക്കാരിന് ഏറ്റവും പ്രിയപ്പെട്ടവർ ആ ജയിലിൽ ഉണ്ടെന്ന് അറിയാം. പക്ഷെ ഗോവിന്ദച്ചാമിയും സർക്കാരിന് പ്രിയപ്പെട്ടവരുടെ കൂട്ടത്തിൽ ഉള്ളയാളാണെന്നു ഇന്ന് രാവിലെയാണ് മനസിലായതെന്ന് സതീശൻ വിമർശിച്ചു.
കണ്ണൂർ സെൻട്രൽ ജയിലിൽ ഇതൊക്കെയാണ് നടക്കുന്നതെന്ന് പ്രതിപക്ഷം നിയമസഭയ്ക്കകത്തും പുറത്തും നിരവധി തവണ പറഞ്ഞിട്ടുണ്ട്. ടിപി വധക്കേസ് പ്രതികൾ ഉൾപ്പെടെയുള്ള ക്രിമിനലുകൾക്ക് സർക്കാരും ജയിൽ അധികൃതരും വേണ്ട ഒത്താശകൾ ചെയ്തു കൊടുക്കുകയാണ്. ടിപി കേസിലെ പ്രതികൾക്ക് അവരുടെ ഇഷ്ടത്തിന് പരോളും ഇഷ്ടമുള്ള ഭക്ഷണവുമാണ് നൽകുന്നത്. ജയിലിലെ മെനു തീരുമാനിക്കുന്നതു തന്നെ ഈ പ്രതികളാണ്. ഇഷ്ടമുള്ള മദ്യവും ലഹരി മരുന്നും സുലഭമായി ലഭിക്കും. ഇതുകൂടാതെ ലഹരി മരുന്ന് കച്ചവടവും ഗുണ്ടായിസവും ക്വട്ടേഷനും ജയിലിൽ ഇരുന്നു കൊണ്ടാണ് ഈ പ്രതികൾ നടത്തുന്നത്.
മാത്രമല്ല കിരീടം വയ്ക്കാത്ത രാജാക്കൻമാരെ പോലെയാണ് ഈ പ്രതികൾ ജയിലിൽ കഴിയുന്നത്. കണ്ണൂർ സെൻട്രൽ ജയിൽ ക്രിമിനലുകൾക്ക് തീറെഴുതി കൊടുത്തിരിക്കുകയാണ്. അതും കൂടാതെ പി. ജയരാജൻ ഉൾപ്പെടെയുള്ളവരെ ജയിൽ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതും പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. എന്തെങ്കിലും കുറവുണ്ടോയെന്ന് ഇവർ ഇടയ്ക്കിടെ പോയി അന്വേഷിക്കും. പ്രതികൾ ആവശ്യപ്പെടുന്നതനുസരിച്ച് ഫോൺ മാറ്റിക്കൊടുക്കും. ജയിലിൽ ഇരുന്നാണ് ഈ പ്രതികൾ ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുന്നത്. സതീശൻ പറഞ്ഞു.
ഗോവിന്ദച്ചാമി അഞ്ച് മണിക്കാണ് തടവ് ചാടിയ വിവരം ജയിൽ അധികൃതർ അറിഞ്ഞത്. ഏഴ് മണിക്കാണ് പോലീസ് അറിഞ്ഞത്. സാധാരണക്കാരായ നാട്ടുകാർ കാട്ടിയ ജാഗ്രതയിലാണ് പ്രതി പിടിയിലായത്. സർക്കാരിന് അപമാനകരമായ സംഭവമാണ് നടന്നത്. ഏകാന്ത തടവിൽ കിടക്കുന്നയാൾ കമ്പി മുറിച്ചത് ആരും അറിഞ്ഞില്ലേ? ഇത്രയും നീളമുള്ള തുണി എവിടെ നിന്നാണ് കിട്ടിയത്? തൂങ്ങി ഇറങ്ങുമ്പോൾ നിലത്തു വീഴാതിരിക്കാൻ വേണ്ടി അത്രയും കട്ടിയുള്ള ബെഡ് ഷീറ്റാണ് നൽകിയത്. ജയിൽ ചാടുന്നയാളുടെ എല്ലാ സുരക്ഷയും ഉറപ്പുവരുത്താനുള്ള എല്ലാ സാധനങ്ങളും ജയിലിൽ ലഭ്യമായിരുന്നു.
എന്നിട്ടുപോലും ഒരു കൈയ്ക്ക് സ്വാധീനമില്ലാത്ത ഒരാൾ ജയിൽ ചാടിയെന്ന അദ്ഭുതമുണ്ടായത്. ഇത് ടാർസന്റെ സിനിമയിൽ പോലും കണ്ടിട്ടില്ല. ജയിലിനുള്ളിൽ നിന്നും എല്ലാ സഹായവും ലഭിച്ചിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിൽ ഭരിക്കുന്നത് പ്രതികളാണ്. ഈ ആരോപണം നേരത്തെ തന്നെ പ്രതിപക്ഷം പറഞ്ഞതാണ്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അടിവരയിടുന്ന സംഭവങ്ങളാണ് പിന്നീടുണ്ടാകുന്നത്. സതീശൻ കുറ്റപ്പെടുത്തി.