തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനെതിരെ ചോദ്യ ശരങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേവസ്വം ബോർഡിനെ മുന്നിൽനിർത്തി സംസ്ഥാന സർക്കാർ നടത്തുന്ന രാഷ്ട്രീയ കാപട്യമാണ് ആഗോള അയ്യപ്പ സംഗമം. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയുള്ള കപട അയ്യപ്പ സ്‌നേഹമാണ് ഇതിനു പിന്നിലെന്നും സതീശൻ. ശബരിമലയെ ഏറ്റവും സങ്കീർണമായ അവസ്ഥയിൽ എത്തിച്ച രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎമ്മും എൽഡിഎഫും.
സുപ്രീംകോടതിയിൽ യുഡിഎഫ് സർക്കാർ കൊടുത്ത സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനം നടത്താൻ ഇടതു സർക്കാർ കൂട്ടുനിന്നത്. ആ സത്യവാങ്മൂലം ഇപ്പോഴും നിലനിൽക്കുകയാണ്. അതു പിൻവലിക്കാൻ തയാറുണ്ടോ?. അന്ന് ആചാരസംരക്ഷണത്തിനായി നടത്തിയ നാമജപ ഘോഷയാത്ര നടത്തിയവർക്കെതിരെ എടുത്ത കേസുകൾ ഇപ്പോഴും നിലനിൽക്കുകയാണ്. അതു പിൻവലിക്കാൻ സർക്കാർ തയാറുണ്ടോ? എന്നും വി ഡി സതീശൻ ചോദിച്ചു.
അതുപോലെ ഈ സർക്കാർ വന്ന ശേഷമാണ് തീർഥാടനം പ്രതിസന്ധിയിലായത്. മുൻപുണ്ടാക്കിയ ധാരണ പ്രകാരം 48 ലക്ഷം രൂപയാണ് ദേവസ്വം ബോർഡിനു നൽകേണ്ടത് എ കെ ആന്റണി സർക്കാർ അത് 82 ലക്ഷമാക്കി. കഴിഞ്ഞ മൂന്നു വർഷമായി ഇടതുസർക്കാർ ആ പണം നൽകുന്നില്ല. ശബരിമല വികസനവുമായി ബന്ധപ്പെട്ട് ചെറുവിരൽ അനക്കാത്ത സർക്കാരാണിത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും വിഎസ് ശിവകുമാർ ദേവസ്വം മന്ത്രിയും ആയിരുന്നപ്പോൾ 112 ഏക്കർ ശബരിമല വികസനത്തിനായി ഏറ്റെടുത്തിരുന്നു. അതിനു പകരം ഇടുക്കിയിൽ 112 ഏക്കർ വനംവകുപ്പിനു നൽകുകയും ചെയ്തിരുന്നു.
അങ്ങനെ പല വികസന പരിപാടികളാണ് യുഡിഎഫ് സർക്കാർ ശബരിമലയിൽ നടത്തിയത്. കഴിഞ്ഞ ഒമ്പതര വർഷമായി ഒരു വികസനവും നടത്താത്ത സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ അയ്യപ്പ സംഗമവുമായി വരുന്ന സർക്കാരും മുഖ്യമന്ത്രിയും ഈ ചോദ്യങ്ങൾക്കു മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
അതുപോലെ തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ സർക്കാർ പണമെടുത്ത് വികസന സദസ് നടത്താൻ പോകുകയാണ്. അതുമായി ഒരുതരത്തിലും സഹകരിക്കില്ല. തദ്ദേശസ്ഥാപനങ്ങൾക്ക് വികസനപ്രവർത്തനങ്ങൾക്ക് 9000 കോടി കൊടുക്കേണ്ട സ്ഥലത്ത് ആറായിരം കോടി മാത്രമാണ് കൊടുത്തിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളെ കഴുത്തു ഞെരിച്ചുകൊന്ന സർക്കാർ ഇപ്പോൾ തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് എടുത്ത് വികസനസദസ് നടത്തുന്നത് രാഷ്ട്രീയപ്രചാരണം ലക്ഷ്യമിട്ടുള്ളതാണ്. അതിനോടു യോജിക്കാൻ കഴിയില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.