കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൈസകൊടുക്കരുതെന്നത് യുഡിഎഫ് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിഷയത്തിൽ സിപിഎം പച്ചക്കള്ളം പറയുകയും പ്രചരിപ്പിക്കുകയാണെന്നും തങ്ങൾ പൈസകൊടുത്ത് മാതൃക കാണിച്ചവരാണെന്നും സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് സതീശൻ നിലപാട് വ്യക്തമാക്കിയത്.
“ഞങ്ങൾ ആരോടെങ്കിലും പറഞ്ഞോ, സിഎംഡിആർഎഫിൽ പൈസകൊടുക്കരുതെന്ന്. ഞങ്ങൾ കൊടുത്തു. മാതൃക കാണിച്ചു. ഇവർ ഒരു കൊല്ലം കഴിഞ്ഞിട്ടാണ് സ്ഥലം കണ്ടുപിടിച്ചത്. എന്നിട്ട് ഞങ്ങൾക്ക് വീടുവെക്കാൻ ആ സ്ഥലം തരില്ലെന്ന് പറഞ്ഞു. ഞങ്ങൾ എന്നിട്ടാണ് സ്ഥലത്തിനായി പോയത്. നാലുമാസം കൊണ്ട് ഞങ്ങൾ സ്ഥലം കണ്ടുപിടിച്ചു രജിസ്റ്റർ ചെയ്തു. യൂത്ത് കോൺഗ്രസിന്റെ പൈസ കെപിസിസിയിലേക്ക് തരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൈസ കൊടുക്കരുതെന്ന് ഞങ്ങൾ പ്രചരിപ്പിച്ചതായി സിപിഎം പറഞ്ഞുപരത്തുകയാണ്. സിഎംഡിആർഎഫിലേക്ക് ഞാനടക്കമുള്ളവർ പൈസ കൊടുത്തിട്ടുണ്ട്. യുഡിഎഫ് എംഎൽഎമാർ പൈസ കൊടുത്തിട്ടുണ്ട്. 19 ലക്ഷത്തോളം രൂപ ഞങ്ങൾതന്നെ കൊടുത്തിട്ടുണ്ട്. യുഡിഎഫ് എംഎൽഎമാർ മുഴുവൻ പൈസകൊടുത്തിട്ടുണ്ട്. യുഡിഎഫ് സിഎംഡിആർഎഫിലേക്ക് പൈസകൊടുക്കരുതെന്ന് പറഞ്ഞതായി ഇപ്പോൾ പ്രചരിപ്പിക്കുകയാണ്. കള്ളത്തരം പറയുകയാണ്. പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. ഞങ്ങൾ എംഎൽഎമാരും എംപിമാരും പൈസ കൊടുത്തതായും സതീശൻ പറഞ്ഞു. അതേസമയം സഹായിക്കാനായി കൊടുത്ത 742 കോടി രൂപ ബാങ്കിലിട്ട് സർക്കാർ ഒരു സഹായവും ചെയ്യുന്നില്ല. ധനസഹായങ്ങൾ നിർത്തിയെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ താൻ മുൻപ് പറഞ്ഞതിലെന്താണ് തെറ്റെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. “നൂറുവീടിനുള്ള പൈസ കർണാടക സർക്കാർ കൊടുത്തില്ലേ. 20 കോടി കൈമാറിയില്ലേ. ലീഗ് സ്ഥലം മേടിച്ച് നൂറുവീടിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചില്ലേ. ഞങ്ങൾ സ്ഥലം മേടിച്ചില്ലേ. അതിനെന്തൊരു അധിക്ഷേപമായിരുന്നു. ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്. സിപിഎം പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്”, പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
അതേസമയം കേരള കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റം സംബന്ധിച്ച വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. കേരള കോൺഗ്രസ് യുഡിഎഫിലേക്ക് വരുമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുമെന്നും മുന്നണിയിൽ കൂടുതൽ പാർട്ടികൾ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

















































