കൊച്ചി: വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസത്തിന് ഉറപ്പായും പോകുമെന്നും പിന്നെ തന്നെ കാണില്ലെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു. അതേസമയം വെള്ളാപ്പള്ളിയോട് വെല്ലുവിളിയില്ലെന്നും അദ്ദേഹം രാജിവെക്കേണ്ടതില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
വിഡി സതീശന്റെ വാക്കുകൾ ഇങ്ങനെ- “യുഡിഎഫിന് 98 സീറ്റ് കിട്ടിയാൽ രാജിവെക്കുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. 97 സീറ്റ് വരെ എന്നതിൽ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല. അദ്ദേഹത്തെ പോലെ പരിണത പ്രജ്ഞനായ ഒരു സമുദായ നേതാവ്, സംസ്ഥാന രാഷ്ട്രീയം നന്നായി നിരീക്ഷിക്കുന്ന ഒരാൾ യുഡിഎഫിന് 97 സീറ്റ് വരെ കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ബാക്കി ഒരു നാലഞ്ച് സീറ്റ്, അത്രയല്ലേയുള്ളു, നൂറ് കവിഞ്ഞുപോകാനുള്ള കാര്യം, അത് ഞങ്ങൾ കഠിനാധ്വാനം ചെയ്ത് നൂറിലധികം സീറ്റാക്കും”.
അതേസമയം വൈദികരും കന്യാസ്ത്രീകളും നിരന്തരം പീഡിപ്പിക്കപ്പെടുകയാണെന്നും സതീശൻ പറഞ്ഞു. രാജ്യത്തുടനീളം, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്, ഛത്തീസ്ഗഢിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളിലൊരാളുടെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.