തിരുവനന്തപുരം: എംഎൽഎ ആയ ശേഷം 7 വർഷം പ്രവർത്തിച്ച ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടം വികെ പ്രശാന്ത് ഒഴിഞ്ഞു. അനാവശ്യ വിവാദം ഒഴിവാക്കാൻ വേണ്ടിയാണ് ഈ കെട്ടിടമാറ്റമെന്ന് പ്രശാന്ത് പറഞ്ഞു. ഇനി മുതൽ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് ഒൻട്രപ്രനേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഓഫിസ് പ്രവർത്തിക്കുന്ന മരുതംകുഴി ജംക‍്ഷനിലെ സ്വകാര്യ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ 3 മുറിയുള്ള പുതിയ ഓഫിസിലായിരിക്കും എംഎൽഎ ഓഫിസ് പ്രവർത്തിക്കുക. നാളെ പ്രശാന്ത് പ്രവർത്തനം മാറ്റും. അതേസമയം എംഎഎൽഎയായി കാലാവധി തികയാൻ 5 മാസം മാത്രം ശേഷിക്കെയാണ് ഈ മാറ്റം.
നേരത്തെ ശാസ്തമംഗലം കൗൺസിലറുടെയും വട്ടിയൂർക്കാവ് എംഎൽഎയുടെയും ഓഫിസ് ഒരു കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. തന്റെ ഓഫിസിൽ സൗകര്യം കുറവാണെന്ന കാരണം പറഞ്ഞ് എംഎൽഎയോട് ഓഫിസ് ഒഴിയാൻ കൗൺസിലർ ആർ .ശ്രീലേഖ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. 850 രൂപ വാടക നൽകിയാണ് ശാസ്തമംഗലം ഹെൽത്ത് ഇൻസ്പെക്ടർ ഓഫിസ് കെട്ടിടത്തിൽ എംഎൽഎ ഓഫിസും പ്രവർത്തിച്ചിരുന്നത്. എന്നാൽ പുതിയ കെട്ടിടത്തിന് 15,000 രൂപയാണ് വാടകയെന്നാണ് അറിയുന്നത്.
അതേസമയം കൗൺസിലർക്ക് നൽകിയ ഒറ്റ മുറിയിൽ സൗകര്യം കുറവാണെന്നും തന്റെ ഓഫിസ് വിപുലീകരിക്കാൻ എംഎൽഎ ഓഫിസ് മാറ്റണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. മാർച്ച് വരെ കോർപറേഷനുമായി വാടക കരാറുണ്ടെന്നും അതു വരെ ഓഫിസ് ഒഴിയില്ലെന്നും ആദ്യം എംഎൽഎ വ്യക്തമാക്കി. പിന്നാലെ എംഎൽഎയ്ക്ക് പിന്തുണയുമായി സിപിഎം നേതാക്കൾ രംഗത്തെത്തി. എംഎൽഎ ക്വാർട്ടേഴ്‌സിൽ വി.കെ. പ്രശാന്തിന് അനുവദിച്ച മുറികൾ ഉപയോഗിക്കണമെന്ന് കെ.എസ്.ശബരീനാഥൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളും ആവശ്യപ്പെട്ടതോടെ വിവാദം കൊഴുത്തു. ഇതിനിടെ എംഎൽഎയുടെ പേര് എഴുതിയ ബോർഡിന് മുകളിലായി കൗൺസിലറുടെ പേര് എഴുതിയ ബോർഡ് സ്ഥാപിക്കുകയും ചെയ്തത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
ഇതിനിടെയാണ് അപ്രതീക്ഷിതമായി വി.കെ. പ്രശാന്ത് ഓഫിസ് മാറ്റുന്നത്. തനിക്ക് എതിരെ അപവാദ പ്രചാരണം നടത്തിയെന്ന് വി.കെ .പ്രശാന്ത് പറഞ്ഞു. മിക്ക എംഎൽഎമാരും സർക്കാരിന്റെ കെട്ടിടങ്ങളിൽ സൗജന്യമായാണ് ഓഫിസ് പ്രവർത്തിപ്പിക്കുന്നത്. എന്നാൽ താൻ വാടക നൽകിയാണ് കോർപറേഷന്റെ കെട്ടിടം ഉപയോഗിച്ചതെന്നും പ്രശാന്ത് പറഞ്ഞു.















































