തിരുവനന്തപുരം: ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസ് ഒഴിയാൻ വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് തിരുമാനിച്ചു. വാർഡ് കൗൺസിലർ ആർ ശ്രീലേഖയുമായി അടുത്തിടെ ഓഫിസിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് മാറ്റം. മണ്ഡലത്തിലെ മരുതംകുഴിയിലേക്ക് ഓഫിസ് മാറാനാണ് തീരുമാനം.
ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ വാടകയ്ക്കു പ്രവർത്തിക്കുന്ന എംഎൽഎ ഓഫിസ് ഒഴിയണമെന്ന് ആർ.ശ്രീലേഖ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം പ്രശാന്ത് നിരസിച്ചതോടെ ഓഫിസ് പ്രശ്നം രാഷ്ട്രീയ തർക്കമായി മാറി.
ഓഫിസ് മാറ്റം വിവാദമായപ്പോൾ കൗൺസിലറുടെ തിട്ടൂരം അനുസരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് എംഎൽഎ വ്യക്തമാക്കിയപ്പോൾ, അഭ്യർഥിച്ചതു സൗഹൃദത്തിന്റെ പേരിലാണെന്നായിരുന്നു ശ്രീലേഖയുടെ നിലപാട്.
















































