ഗുജറാത്തിലെ ബന്നി പുൽമേടുകളിലെ പാരിസ്ഥിതിക പുനഃസ്ഥാപനത്തെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട് പുള്ളിമാനുകൾക്ക് ആവാസവ്യവസ്ഥയൊരുക്കി വൻതാര. അനന്ത് അംബാനി നേതൃത്വം നൽകുന്ന സംരംഭമാണ് വൻതാര. ഗുജറാത്ത് സർക്കാരിന്റെ വനം വകുപ്പുമായി ചേർന്നാണ് 20 പുള്ളിമാനുകളെ 70 ഹെക്ടർ സംരക്ഷിത പ്രദേശത്തേക്ക് എത്തിച്ചിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലുതും ദുർബലവുമായ പുൽമേടുകളുടെ ആവാസവ്യവസ്ഥകളിൽ ഒന്നാണ് ബന്നി ഗ്രാസ് ലാൻഡ്‌സ്. ഇവിടുത്തെ ജൈവവൈവിധ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്.
ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ബോർഡ് അംഗമായ അനന്ത് അംബാനി സ്ഥാപിച്ച വൻതാര വന്യജീവി സംരക്ഷണ സംരംഭമെന്ന നിലയിൽ ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. ജാംനഗറിൽ ഗ്രീൻസ് സുവോളജിക്കൽ, റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററും വൻതാര നടത്തുന്നു. ഇവിടെ നിന്നാണ് പുള്ളിമാനുകളെ എത്തിച്ചത്. പ്രത്യേകം ഡിസൈൻ ചെയ്ത ആംബുലൻസുകളിലാണ് പുള്ളിമാനുകളെ ബന്നി ഗ്രാസ് ലാൻഡ്‌സിലേക്ക് എത്തിച്ചത്. ഗുജറാത്തിലെ കച്ച് ജില്ലയിൽ 2600 സ്‌ക്വയർ കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്നതാണ് ബന്നി ഗ്രാസ് ലാൻഡ്‌സ്.