വടകര: കോഴിക്കോട് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ട് മാറ്റി ചെയ്ത ആർജെഡി അംഗത്തിന്റ വീടിനുനേരെ ആക്രമണം. ആർജെഡി വടകര ബ്ലോക്ക് പഞ്ചായത്ത് അംഗമായ രജനി തെക്കെത്തയ്യിലിന്റ വീടിനുനേരെ ഞായറാഴ്ച പുലർച്ചെയോടെയാണ് ആക്രമണമുണ്ടായത്. വീടിന്റെ രണ്ട് ജനൽ ചില്ലുകളും അക്രമികൾ എറിഞ്ഞ് തകർത്തു. വീട്ടുകാർ രാവിലെ വാതിൽ തുറന്നപ്പോൾ കാർപെറ്റിൽ സ്റ്റീൽ കണ്ടെയ്‌നറും കണ്ടെത്തി.
അതേസമയം വടകര ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി തീരുമാനം ലംഘിച്ച് വോട്ട് മാറ്റിചെയ്തതിന് ആർജെഡി രജനിയെ സസ്‌പെൻഡ് ചെയ്തിരുന്നു. എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ പാർട്ടി നിർദേശിച്ചിട്ടും അത് ശ്രദ്ധയോടുകൂടി ചെയ്യാതെ പിഴവുവരുത്തിയതിനാണ് നടപടിയെന്ന് ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്‌കരൻ അറിയിച്ചു. ആറുമാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
എന്നാൽ, അബദ്ധത്തിൽ വോട്ട് മാറിയതായാണ് രജനിയുടെ വിശദീകരണം. വോട്ട് ചെയ്ത ഉടൻതന്നെ അബന്ധം മനസിലായതിനെത്തുടർന്ന് വോട്ട് വീണ്ടും ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നെങ്കിലും അനുവദിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ച് രജനി വരണാധികാരിക്കും കളക്ടർക്കും തെരഞ്ഞെടുപ്പ് കമ്മിഷനും പരാതിനൽകി.
ഇതിനിടെ വോട്ട് മാറിച്ചെയ്ത വിഷയം സിപിഎമ്മിൽ ഉൾപ്പെടെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതോടെ എൽഡിഎഫിലെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ഉൾപ്പെടെ മാറി. നേരത്തെ ആർജെഡിയിലെ എം.കെ. പ്രസന്നയെയാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി തീരുമാനിച്ചിരുന്നത്. ഈ സംഭവത്തോടെ ആർജെഡി പിന്മാറുകയും സീറ്റ് സിപിഎമ്മിന് വിട്ടുനൽകുകയും ചെയ്തു. ഇതോടെ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം യുഡിഎഫ്- ആർഎംപിഐ ജനകീയമുന്നണിക്ക് ലഭിച്ചു.
















































