കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ സംസ്കാര ചടങ്ങിൽ മന്ത്രിമാർ പങ്കെടുക്കാത്തതു ഷോ കാണിക്കാനുള്ള വേദിയല്ലാത്തതിനാലെന്നു മന്ത്രി വിഎൻ വാസവൻ. ചിലർ ചെയ്യുന്നത് പോലെ ഷോ കാണിക്കേണ്ട സ്ഥലമല്ല അത്. അക്കാരണം കൊണ്ടാണ് മന്ത്രിമാർ പൊതുദർശനത്തിന് വരാത്തത്. ഇന്നലെ പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് മൃതദേഹം ആംബുലൻസിൽ കയറ്റി വിടുന്നത് വരെ താൻ അവിടെ ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ബിന്ദുവിന്റെ വീട്ടിലെത്തി ധനസഹായം കൈമാറുകയായിരുന്നു അദ്ദേഹം. അതുപോലെ ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാറിനെതിരായ പ്രചാരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. അദ്ദേഹത്തിനെതിരായ മോശം പ്രചാരണം അത് നടത്തുന്ന സംഘടനകളുടെ രീതിയായിരിക്കും. നല്ല ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന ആളാണ് ഡോ. ജയകുമാറെന്നും മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് മന്ത്രി വീട്ടിലെത്തിയത്. ബിന്ദുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മന്ത്രി താത്ക്കാലിക ധനസഹായമായ അൻപതിനായിരം രൂപയുടെ ചെക്ക് കൈമാറി. അതുപോലെ മകളുടെ ചികിത്സാ കാര്യത്തിലും മന്ത്രി ഉറപ്പു നൽകി. അതേസമയം ഇന്നലെയായിരുന്നു കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ വാർഡിന് സമീപത്തെ ശുചിമുറിയുടെ ഭാഗം തകർന്നുവീണ് ബിന്ദു മരിച്ചത്. മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി ശുചിമുറിയിൽ എത്തിയതായിരുന്നു ബിന്ദു. ഇതിനിടെയാണ് അപകടം നടന്നത്.
അതേസമയം ബിന്ദുവിന്റെ സംസ്‌കാര ചടങ്ങ് തലയോലപ്പറമ്പിലെ വീട്ടുവളപ്പിൽ നടന്നു. ഉറ്റവരും സമീപവാസികളും അടക്കം നിരവധി പേരാണ് ബിന്ദുവിനെ അവസാനമായി ഒരു നോക്കുകാണാൻ എത്തിയത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ചാണ്ടി ഉമ്മൻ എംഎൽഎ അടക്കം വീട്ടിലെത്തി ബിന്ദുവിന് അന്തിമോപചാരം അർപ്പിച്ചു.