ദെഹ്‌റാദൂൺ: പണം കൊടുത്താൽ വിവാഹം കഴിക്കാൻ ബിഹാറിൽനിന്ന് പെൺകുട്ടികളെ കിട്ടും എന്നതരത്തിൽ പ്രസ്താവന നടത്തി വിവാദത്തിന് തിരികൊളുത്തി ബിജെപി നേതാവും ഉത്തരാഖണ്ഡ് വനിതാ ശിശു ക്ഷേമ മന്ത്രിമായ രേഖ ആര്യയുടെ ഭർത്താവ് ഗിർധരി ലാൽ സാഹു. അൽമോറയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ ആയിരുന്നു സാഹുവിന്റെ വിവാദപരാമർശം. ഉത്തരാഖണ്ഡിൽ വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടുന്നില്ലെങ്കിൽ ബിഹാറിൽനിന്ന് പണം കൊടുത്ത് കൊണ്ടുവരാം എന്നായിരുന്നു സാഹുവിന്റെ പ്രസംഗം. പരിപാടിയിൽ സാഹു സംസാരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
‘നിങ്ങൾ പ്രായമാകുമ്പോൾ വിവാഹിതരാകുമോ? നിങ്ങൾക്ക് വിവാഹിതരാകാൻ കഴിഞ്ഞില്ലെങ്കിൽ, ഞങ്ങൾ ബിഹാറിൽനിന്ന് നിങ്ങൾക്കായി ഒരു പെൺകുട്ടിയെ കൊണ്ടുവരും. അവിടെ നിങ്ങൾക്ക് 20,000 മുതൽ 25,000 രൂപയ്ക്ക് വരെ പെൺകുട്ടികളെ ലഭിക്കും. എന്റെ കൂടെ വരൂ, ഞങ്ങൾ നിങ്ങളെ വിവാഹം കഴിപ്പിക്കാം.’ എന്ന് സാഹു തന്റെ മുന്നിലിരിക്കുന്ന യുവാക്കളോട് പറയുന്നതാണ് വീഡിയോയിൽ ഉള്ളത്.
അതേസമയം സാഹുവിന്റെ വാക്കുകൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിവാദമായതോടെ സാഹു ഖേദപ്രകടനവുമായി മുന്നോട്ടുവന്നു. ‘ഞാൻ ഒരു സുഹൃത്തിന്റെ വിവാഹത്തെക്കുറിച്ചാണ് സംസാരിച്ചത്. എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ഞാൻ കൈകൂപ്പി ക്ഷമ ചോദിക്കുന്നു.’ അദ്ദേഹം പറഞ്ഞു. ഇതിനിടെ ബിജെപിയുടെ ഉത്തരാഖണ്ഡ് യൂണിറ്റ് സാഹുവിന്റെ പ്രസ്താവനയെ അപലപിക്കുകയും അദ്ദേഹവുമായി ബന്ധമില്ലെന്ന് പറയുകയും ചെയ്തു.
‘ബിജെപി നേതാക്കൾ 10,000 രൂപയ്ക്ക് സ്ത്രീകളുടെ വോട്ടുകൾ വാങ്ങിയതിന് ശേഷം, ഇപ്പോൾ അവർ 20,000-25,000 രൂപയ്ക്ക് ബിഹാറിൽനിന്ന് പെൺകുട്ടികളെ കൊണ്ടുവരുമെന്ന് പറയുന്നു. ബിജെപി അനുയായികൾക്ക് എപ്പോഴും ബിഹാറിനോടും സ്ത്രീകളോടും ഇത്തരം വിഷ മനസുണ്ടായിരുന്നു.’ സാഹുവിന്റെ പ്രസ്താവനകളോടുള്ള പ്രതികരണമായി ബിഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് (ആർജെഡി) പറഞ്ഞു.
അതേസമയം കോൺഗ്രസ് ഈ പ്രസ്താവനകളെ സ്ത്രീകളോടുള്ള ‘അവഹേളനം’ എന്ന് വിശേഷിപ്പിക്കുകയും ബിജെപി ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ‘മന്ത്രി ആര്യയുടെ ഭർത്താവിന്റെ ഈ പ്രസ്താവന ബിഹാറിലോ കേരളത്തിലോ ഉത്തരാഖണ്ഡിലോ ഉള്ള ഇന്ത്യയിലെ പെൺമക്കളെ അപമാനിക്കുന്നതാണ്. ഈ പ്രസ്താവന ബിജെപിയുടെ സ്ത്രീകളോടുള്ള ബഹുമാനത്തെക്കുറിച്ചുള്ള സമീപനത്തെ വ്യക്തമാക്കുന്നു. ബിജെപി ഖേദം പ്രകടിപ്പിക്കണം.’ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോദിയൽ പറഞ്ഞു.
അതുപോലെ ഭാര്യ സംസ്ഥാനത്തെ വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിയായിരിക്കെയാണ് സാഹു ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയത് എന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് കോൺഗ്രസ് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ ജ്യോതി റൗട്ടേല പറഞ്ഞു. ‘സ്ത്രീകളോടുള്ള ഇത്തരം വിദ്വേഷ ചിന്തകളെയും പ്രസ്താവനകളെയും’ പാർട്ടി ശക്തമായി അപലപിക്കുന്നതായി ബിജെപി സംസ്ഥാന മീഡിയ ഇൻചാർജ്ജ് മൻവീർ സിംഗ് ചൗഹാൻ പറഞ്ഞു. രേഖ ആര്യയുടെ ഭർത്താവിന്റെ പ്രസ്താവനയെക്കുറിച്ച് ബിജെപി വിശദീകരണം തേടുമോ എന്ന് ചോദിച്ചപ്പോൾ, പാർട്ടിക്ക് സാഹുവുമായി ബന്ധമില്ലെന്ന് ചൗഹാൻ വ്യക്തമാക്കി.
ഇതിനിടെ ഈ പ്രസ്താവനകളെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് സാഹുവിന് നോട്ടീസ് അയയ്ക്കുമെന്ന് ബിഹാർ സംസ്ഥാന വനിതാ കമ്മീഷൻ പറഞ്ഞു. ‘അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ അപലപനീയമാണ്. ഇത് അദ്ദേഹത്തിന്റെ മാനസിക പാപ്പരത്തം കാണിക്കുന്നു. ഭാര്യ ഉത്തരാഖണ്ഡ് സർക്കാരിൽ മന്ത്രിയായിരിക്കെ സ്ത്രീകൾക്കെതിരെ ഇങ്ങനെയൊരു പ്രസ്താവന നടത്താൻ അദ്ദേഹത്തിന് എങ്ങനെയാണ് മനസുവന്നത്?’ ബിഎസ്ഡബ്ല്യുസി ചെയർപേഴ്‌സൺ അപ്‌സര ചോദിച്ചു.
BJP नेता कह रहे है कि 10 हजार ₹ में महिलाओं का वोट खरीदने के बाद अब बिहार से ₹20-25 हजार में लड़की ले आएंगे।भाजपाइयों की बिहार और महिलाओं के प्रति सदा से ही ऐसी विषैली सोच रही है। pic.twitter.com/BsUKPrprw3
— Tejashwi Yadav (@yadavtejashwi) January 2, 2026













