ലഖ്‌നൗ: ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ നിന്ന് വിദ്യാർഥിനികൾ അകന്നുനിൽക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. ലിവ് ഇൻ റിലേഷൻഷിപ്പുകളിൽനിന്ന് പെൺകുട്ടികൾ വിട്ടുനിൽക്കണമെന്നും അല്ലെങ്കിൽ 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കാമെന്നുമാണ് ആനന്ദിബെൻ പറഞ്ഞത്.എനിക്ക് പെൺകുട്ടികൾക്ക് നൽകാൻ ഒരു സന്ദേശമേയുള്ളൂവെന്ന മുഖവുരയോടെയാണ് ആനന്ദിബെൻ ഇക്കാര്യം പറഞ്ഞത്. ഇപ്പോൾ ലിവ് ഇൻ റിലേഷൻഷിപ്പുകൾ ട്രെൻഡാണ്.
വ്യാപകമായി ഉണ്ടായിരിക്കാം. എന്നാൽ നിങ്ങളെല്ലാം അത്തരം കാര്യങ്ങളിൽനിന്നും വിട്ടുനിൽക്കണം. നിങ്ങളുടെ ജീവിതത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടത് നിങ്ങളാണ്. എന്താണ് സംഭവിക്കുകയെന്ന് നിങ്ങൾക്കറിയാമല്ലോ. 50 കഷ്ണങ്ങളായി നിങ്ങളെ കണ്ടെത്തിയേക്കാം.’ എന്നായിരുന്നു ആനന്ദി ബെൻ പറഞ്ഞത്. ലിവ് ഇൻ റിലേഷൻഷിപ്പ് ബന്ധങ്ങളില്‍ ഇരകളായ പെൺകുട്ടികളെ താൻ നേരിൽ കണ്ടിട്ടുണ്ടെന്നും അവർക്കെല്ലാം അസ്വസ്ഥപ്പെടുത്തുന്ന കഥകളാണ് ഉള്ളതെന്നും ഇത്തരം ബന്ധങ്ങളിലേക്ക് സ്ത്രീകൾ എത്തുന്നത് തടയാൻ അവബോധം വളർത്തേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.
എന്തെങ്കിലും തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് പെൺകുട്ടികൾ ശ്രദ്ധാപൂർവം ചിന്തിക്കണം. ലിവ് ഇൻ റിലേഷൻ പോലുള്ള ബന്ധങ്ങളിൽ ചൂഷണങ്ങൾ നേരിടുന്ന സാഹചര്യങ്ങളിൽനിന്ന് പെൺകുട്ടികൾ വിട്ടുനിൽക്കണം. വ്യക്തിപരമായി ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കണമെന്നും ആനന്ദിബെൻ പറഞ്ഞു. വാരണാസിയിൽ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്റെ ബിരുദദാന ചടങ്ങിലായിരുന്നു ഗവർണറുടെ പരാമർശം.