വാഷിങ്ടൺ: അധികാരത്തിലെത്തിയപ്പോൾ മുതൽ ട്രാൻസ് ജെൻഡറുകൾക്കെതിരെ മുഖംതിരിക്കുന്ന നിലപാടാണ് ട്രംപ് ഭരണകൂടം കൈക്കൊണ്ടിട്ടുള്ളത്. ഇതിന്റെ അടുത്ത പടിയായി ട്രാൻസ് ജെൻഡർ വിഭാഗങ്ങൾക്ക് പിന്തുണ നൽകുന്ന, വിദേശത്ത് പ്രവർത്തിക്കുന്ന ഏതൊരു സംഘടനയ്‌ക്കോ സർക്കാരിനോ നൽകുന്ന ഫെഡറൽ ഫണ്ടിങ് നിർത്തിവെക്കാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥനെയും സന്നദ്ധ സംഘടനകളെയും ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമാണ് പുതിയ നയംമാറ്റം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
മാത്രമല്ല ട്രാൻസ്‌ജെൻഡർ പ്രോഗ്രാമുകളെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങൾക്കുള്ള യുഎസ് ഫണ്ടിങ് നിർത്തലാക്കുമെന്നാണ് സൂചന. അതേസമയം യുഎസിൻറെ സഹായം സ്വീകരിക്കുന്ന വിദേശ സ്ഥാപനങ്ങൾ, ഗർഭച്ഛിദ്രം സംബന്ധിച്ച സേവനങ്ങൾ നൽകുന്നതും അതിന് പ്രോത്സാഹിപ്പിക്കുന്നതും വിലക്കിക്കൊണ്ടുള്ള ‘മെക്‌സിക്കോ സിറ്റി പോളിസി’ എന്ന നയത്തിൻറെ വിപുലീകരണമായാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.
ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയപ്രകാരം ലിംഗ രാഷ്ട്രീയം, ലിംഗ സമത്വം തുടങ്ങിയ ആശങ്ങളെയും എൽജിബിടി ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങൾക്കുള്ള ഫണ്ടിങ് നിർത്തലാക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സന്നദ്ധ സംഘടനകൾ, വിദേശ സർക്കാരുകൾ, ഐക്യരാഷ്ട്ര സഭയുടെ പരിപാടികൾ എന്നിവയ്ക്ക് ഈ വിലക്ക് ബാധകമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
വിദേശത്തും സ്വദേശത്തുമുള്ള യുഎസ് സഹായം സ്വീകരിക്കുന്ന എൻജിഒകൾ, അന്താരാഷ്ട്ര സംഘടനകൾ, വിദേശ സർക്കാരുകൾ എന്നിവയ്ക്ക് ഗർഭച്ഛിദ്രം, ലിംഗരാഷ്ട്രീയം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന് വിലക്കുണ്ടാകും. നയംമാറ്റം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘അമേരിക്ക ഫസ്റ്റ്’ എന്ന വിദേശനയം മുന്നോട്ടുകൊണ്ടുപോകുന്നത് തുടരുമെന്നായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മറുപടി. പദ്ധതിയുടെ വിശദാംശങ്ങൾ ട്രംപ് ഭരണകൂടം തങ്ങളെ അറിയിച്ചതായി ഗ്ലോബൽ ഹെൽത്ത് കൗൺസിൽ, എംഎസ്‌ഐ റീപ്രൊഡക്ടീവ് ചോയിസസ് എന്നീ സംഘടനകൾ വെളിപ്പെടുത്തിയിട്ടുള്ളതായും മാധ്യമങ്ങൾ പറയുന്നു.