വാഷിങ്ടൺ: ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലുള്ള സംഭവവികാസങ്ങൾ ഓരോ ദിവസവും അമേരിക്ക നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.
‘ഒരു വെടിനിർത്തൽ ഉണ്ടാകാനുള്ള ഏക മാർഗം ഇരുപക്ഷവും പരസ്പരം നിർത്താൻ സമ്മതിക്കുക എന്നതാണ്. റഷ്യക്കാർ അതിന് സമ്മതിച്ചിട്ടില്ല. അവർക്കു അതിനു താൽപര്യമില്ല. വെടിനിർത്തലുകളുടെ ഒരു സങ്കീർണ്ണത അത് നിലനിർത്തി പോകുക എന്നതാണ്, അത് വളരെ പ്രയാസകരമാണ്. അതായത്, പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയിൽ എന്ത് സംഭവിക്കുന്നു, കംബോഡിയയ്ക്കും തായ്ലൻഡിനും ഇടയിൽ എന്ത് സംഭവിക്കുന്നു എന്നെല്ലാം ഞങ്ങൾ ഓരോ ദിവസവും നിരീക്ഷിക്കുന്നുണ്ട്. വെടിനിർത്തലുകൾ വളരെ വേഗത്തിൽ തകരാൻ സാധ്യതയുണ്ട്, പ്രത്യേകിച്ചും നമ്മൾ ഇപ്പോൾ അഭിമുഖീകരിക്കുന്നതുപോലെയുള്ള മൂന്നര വർഷത്തെ യുദ്ധത്തിന് ശേഷം’ റൂബിയോ പറഞ്ഞു.
ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ താൻ ഒരു വെടിനിർത്തലിന് ഇടനിലക്കാരനായി എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും വീണ്ടും അവകാശപ്പെട്ടതിന് പിന്നാലെയാണ് മാർക്കോ റൂബിയോയുടെ പ്രതികരണം. ട്രംപിന്റെ ഭാഗത്തുനിന്ന് ആവർത്തിച്ചുള്ള ഭീഷണികൾ ഉണ്ടായിരുന്നിട്ടും റഷ്യയ്ക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, റൂബിയോയുടെ പ്രതികരണം ‘അദ്ദേഹം അധികാരമേറ്റ ദിവസം നിലവിലുണ്ടായിരുന്ന ഓരോ ഉപരോധവും ഇപ്പോഴും അതേപടി തുടരുന്നു എന്നായിരുന്നു.
ആ ഉപരോധങ്ങളുടെയെല്ലാം ആഘാതം നിലനിൽക്കുന്നു. എല്ലാ ദിവസവും അവർ പ്രത്യാഘാതങ്ങൾ നേരിടുന്നു. എന്നാൽ യാഥാർത്ഥ്യം ഉപരോധം ഈ യുദ്ധത്തിന്റെ ഗതിയെ മാറ്റിയിട്ടില്ല എന്നതാണ്. അതിനർത്ഥം ആ ഉപരോധങ്ങൾ അനുചിതമാണെന്നല്ല. അതിന്റെ ഫലത്തെ അത് മാറ്റിയിട്ടില്ല എന്നാണ് അതിനർത്ഥം. പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് അവരെ ചർച്ചകളിലേക്ക് കൊണ്ടുവരുന്നതിനെ ബാധിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.