വാഷിങ്ടൺ: ഫലസ്തീൻ അനുകൂല പ്രതിഷേധം നടത്തിയ വിദ്യാർത്ഥി നേതാവ് മഹ്മൂദ് ഖലീലിനെ നാടുകടത്താൻ വിധിച്ച് യു.എസ് ജഡ്ജി. ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് കൊളംബിയ യൂണിവേഴ്സിറ്റി ബിരുദ വിദ്യാർത്ഥി മഹ്മൂദ് ഖലീലിനെ കസ്റ്റഡിയിലെടുത്ത് ഒരു മാസത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്.
അദ്ദേഹത്തെ ദേശീയ സുരക്ഷാ ഭീഷണിയായി കണക്കാക്കി നിർബന്ധിതമായി നാടുകടത്താമെന്ന് ലൂസിയാനയിലെ ഇമിഗ്രേഷൻ ജഡ്ജി വിധിച്ചു. യു.എസ് സംസ്ഥാനമായ ലൂസിയാനയിൽ ഏകദേശം രണ്ട് മണിക്കൂർ നീണ്ട വാദം കേൾക്കലിന് ശേഷം ജഡ്ജി ജാമി കോമാൻസാണ് വിധി പുറപ്പെടുവിച്ചത്.‘ഖലീലിന്റെ നിലവിലുള്ള വിശ്വാസങ്ങൾ, പ്രസ്താവനകൾ രാജ്യത്തിൻറെ വിദേശനയ താത്പ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രസ്താവിച്ചുകൊണ്ട് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എഴുതിയ മെമ്മോ, ഇദ്ദേഹത്തെ അമേരിക്കയിൽ നിന്ന് നാടുകടത്തുന്നതിനുള്ള മതിയായ തെളിവാണെന്ന ട്രംപ് ഭരണകൂടത്തിന്റെ വാദവുമായി കോടതി യോജിക്കുന്നു. ഖലീലിന്റെ യു.എസിലെ സാന്നിധ്യം ഗുരുതരമായ വിദേശനയ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന സർക്കാരിന്റെ വാദം അംഗീകരിക്കാവുന്നതാണ്,’ കോടതി പറഞ്ഞു.ഖലീലിന്റെ നാടുകടത്തൽ വിധി വൈകിപ്പിക്കാനോ അല്ലെങ്കിൽ നടപടികൾ പൂർണ്ണമായും അവസാനിപ്പിക്കാനോ ശ്രമിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അഭിഭാഷകർ നടത്തിയ വാദങ്ങൾ തള്ളപ്പെട്ടു.
വിധിക്ക് പിന്നാലെ നടപടിക്രമങ്ങളിലുടനീളം മൗനം പാലിച്ച ഖലീൽ, കോടതിക്ക് മുമ്പാകെ സംസാരിക്കാൻ അനുമതി ചോദിച്ചു. ‘കഴിഞ്ഞ തവണ നിങ്ങൾ പറഞ്ഞത് ഞാൻ ഉദ്ധരിക്കാൻ ആഗ്രഹിക്കുന്നു, ഈ കോടതിക്ക് ന്യായമായ നടപടിക്രമങ്ങളും പൗരന്മാരുടെ അവകാശങ്ങളും നീതിയുമാണ് പ്രധാനം അതിനേക്കാൾ ഉയർന്നതായൊന്നുമില്ല. എന്നാൽ ഇന്ന് ഞങ്ങൾ ഇവിടെ കണ്ട വിധിയിൽ ഈ തത്വങ്ങളൊന്നും ഉണ്ടായിരുന്നില്ല.ഇതുകൊണ്ടാണ് ട്രംപ് ഭരണകൂടം എന്നെ എന്റെ കുടുംബത്തിൽ നിന്ന് 1,000 മൈൽ അകലെയുള്ള ഈ കോടതിയിലേക്ക് അയച്ചത്. എനിക്ക് ലഭിക്കാതെ പോയ നീതി മാസങ്ങളായി ആരാലും കേൾക്കപ്പെടാതെ ഇവിടെ കഴിയുന്ന നൂറുകണക്കിന് മറ്റുള്ളവർക്ക് നിങ്ങൾ നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ ജഡ്ജിയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ വർഷം കൊളംബിയ യൂണിവേഴ്സിറ്റിയിൽ നടന്ന ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾക്ക് 30 കാരനായ ഖലീൽ നേതൃത്വം നൽകുകയും നിരന്തരം ഫലസ്തീനുവേണ്ടി ശബ്ദമുയർത്തുകയും ചെയ്തിരുന്നു.
മാർച്ച് എട്ടിന് ന്യൂയോർക്കിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ.സ്) ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ലൂസിയാനയിലെ ജെനയിലുള്ള ഒരു തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. അവിടെ അദ്ദേഹം ഒരു മാസത്തിലേറെയായി തടങ്കലിൽ കഴിയുകയാണ്. യു.എസിൽ ഉള്ള ഫലസ്തീൻ അനുകൂല വിദ്യാർത്ഥികളെയും പി.എച്ച്.ഡി സ്കോളേഴ്സിനെയും ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടം ആരംഭിച്ച ഐ.സ് അറസ്റ്റ് പരമ്പരയിലെ ആദ്യ അറസ്റ്റായിരുന്നു ഖലീലിന്റേത്.കോടതിയുടെ ഈ തീരുമാനത്തെ വിമർശിച്ച അദ്ദേഹത്തിന്റെ അഭിഭാഷകർ വിധി മുൻകൂട്ടി എഴുതിയതാണെന്ന് പറഞ്ഞു. ‘ഫലസ്തീനികൾക്കുവേണ്ടി സംസാരിച്ചതിനും ഭരണഘടനാപരമായി ഏതൊരു വ്യക്തിക്കുമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം വിനിയോഗിച്ചതിനും മഹ്മൂദിനെ ഈ രീതിയിൽ ലക്ഷ്യം വയ്ക്കാമെങ്കിൽ, ട്രംപ് ഭരണകൂടം ഇഷ്ടപ്പെടാത്ത ഏതൊരു വിഷയത്തിലും സംസാരിക്കുന്ന ഇത് ആർക്കും സംഭവിക്കാം. മഹ്മൂദ് സ്വതന്ത്രനായി തന്റെ കുടുംബത്തിലേക്ക് തിരിച്ചെത്തുന്നത് വരെ ഞങ്ങൾ അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരിക്കും,’ അഭിഭാഷകർ പറഞ്ഞു.