മോസ്കോ: റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികൾക്ക് എതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തി ഡൊണാൾഡ് ട്രംപ് ഭരണകൂടം . യുക്രെയ്ൻ ചർച്ചകളിൽ വ്ലാഡിമിർ പുടിൻ നേരും നെറിയും കാണിച്ചില്ലെന്ന് വിലയിരുത്തിയാണ് ട്രംപ് കടുത്ത നടപടികളിലേക്ക് കടന്നതെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. അതേസമയം അലക്സയിൽ നടന്ന ട്രംപ്- പുടിൻ കൂടിക്കാഴ്ചയ്ക്കിടെ ചർച്ച എങ്ങുമെത്തില്ലെന്നു മനസിലായതോടെ ചർച്ച തുടരാതെ ട്രംപ് ഇറങ്ങിപ്പോയെന്ന് സ്കോട്ട് ബെസെന്റ് വെളിപ്പെടുത്തി.
“ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ പ്രസിഡന്റ് പുടിൻ സത്യസന്ധമായും നേരിട്ടും ചർച്ചയ്ക്ക് വന്നിട്ടില്ല,” ബെസെന്റ് ഫോക്സ് ബിസിനസിനോട് പറഞ്ഞു. ഓഗസ്റ്റിൽ അലാസ്കയിൽ രണ്ട് നേതാക്കളും കൂടിക്കാഴ്ച നടത്തിയപ്പോൾ, “കാര്യങ്ങൾ ശരിയായ രീതിയിൽ മുന്നോട്ട് പോകുന്നില്ലെന്ന് മനസിലാക്കിയ പ്രസിഡന്റ് ട്രംപ് ഇറങ്ങിപ്പോയി- എന്ന് ബെസെന്റ് പറഞ്ഞു. തിരശ്ശീലയ്ക്ക് പിന്നിൽ ചർച്ചകൾ നടന്നിട്ടുണ്ട്, പക്ഷേ ഈ ചർച്ചകളിൽ പ്രസിഡന്റ് നിരാശനാണെന്ന് ഞാൻ വിശ്വസിക്കുന്നു,” അദ്ദേഹം വ്യക്തമാക്കി.
അതേസമയം ട്രംപ്- പുടിൻ ഉച്ചകോടി ബുഡാപെസ്റ്റിൽ വെച്ച് നടത്താനുള്ള തീരുമാനം ഉപേക്ഷിച്ചതിന്റെ പിറ്റേ ദിവസമാണ് ഉപരോധം ഏർപ്പെടുത്തിയത്. യുക്രെയ്ൻ – റഷ്യ വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയില്ലെന്ന് വൈറ്റ് ഹൌസ് നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു. “ഈ അർത്ഥമില്ലാത്ത യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡൻറ് പുടിൻ വിസമ്മതിച്ച സാഹചര്യത്തിൽ, റഷ്യയുടെ യുദ്ധത്തിന് ധനസഹായം നൽകുന്ന റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികൾക്ക് എതിരെ ഉപരോധം ഏർപ്പെടുത്തുകയാണ്”- എന്നാണ് പ്രഖ്യാപനം, റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ കമ്പനികൾക്ക് എതിരെ ഉപരോധം ഏർപ്പെടുത്തിയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെൻറ് ആണ് പ്രസ്താവനയിലൂടെ അറിയിച്ചത്.
യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിൻറെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി “ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ കൈക്കൊള്ളാൻ” ട്രഷറി തയ്യാറാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി സംസാരിച്ച ബെസെന്റ് പറഞ്ഞത് ഈ നീക്കം “റഷ്യയ്ക്കെതിരെ ഞങ്ങൾ നടത്തിയ ഏറ്റവും വലിയ ഉപരോധങ്ങളിൽ ഒന്നാണ്” എന്നാണ്.