വാഷിംഗ്ടൺ: പാക്കിസ്ഥാൻ, റഷ്യ, ഇറാൻ, സൊമാലിയ, അഫ്ഗാനിസ്ഥാൻ തുടങ്ങി 75 രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റ വീസ നൽകൽ നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ച് യുഎസ്. രാജ്യത്തേയ്ക്ക്ത്തേയ്ക്കുള്ള കുടിയേറ്റ പ്രവാഹം തടയുന്നതിനായാണ് ഈ നീക്കം. ബുധനാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതിയുടെ ഭാഗമായിട്ടാണ് 75 രാജ്യങ്ങളിൽനിന്നും യുഎസിലേയ്ക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരുടെ കുടിയേറ്റ വിസ പ്രോസസ്സിംഗ് അനിശ്ചിതമായി മരവിപ്പിക്കാൻ അമേരിക്ക തീരുമാനിച്ചത്. ജനുവരി 21 മുതൽ നിയന്ത്രണം പ്രാബല്യത്തിൽവരും. അതേസമയം ടൂറിസ്റ്റ്, ബിസിനസ് ആവശ്യങ്ങൾക്കുള്ള വീസയിൽ നിയന്ത്രണം ബാധകമല്ല.
വീസ നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടിക യുഎസ് സർക്കാർ ഇതുവരെ പരസ്യമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ നിയന്ത്രണം പ്രതീക്ഷിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണെന്ന സൂചന രാജ്യാന്തര മാധ്യമങ്ങൾ പുറത്തുവിട്ടു. ആ പട്ടികയിൽ ഇന്ത്യയുടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ എന്നിവയും ഉൾപ്പെടുന്നു. ബ്രസീൽ, ഇറാൻ, ഇറാഖ്, ഈജിപ്ത്, നൈജീരിയ, തായ്‌ലൻഡ്, യെമൻ തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ട്.
യുഎസ് ഇമിഗ്രേഷൻ നിയമത്തിലെ “പബ്ലിക് ചാർജ്” വ്യവസ്ഥ നടപ്പിലാക്കുന്നത് കർശനമാക്കുന്നതിനുള്ള വിശാല ശ്രമത്തിന്റെ ഭാഗമായി നിലവിലുള്ള നിയമപ്രകാരം വിസ നിരസിക്കാൻ കോൺസുലർ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനക്ഷേമ ആനുകൂല്യങ്ങളെ ആശ്രയിക്കാൻ സാധ്യതയുള്ള അപേക്ഷകർക്ക് പ്രവേശനം നിഷേധിക്കുക എന്നതാണ് ഈ നീക്കം ലക്ഷ്യമിടുന്നത്.
















































