ന്യൂഡൽഹി: വ്യാപാര കരാറിന്റെ ആറാംഘട്ട ചർച്ചകൾക്കായി യുഎസ് പ്രതിനിധി സംഘം ഇന്ത്യയിലെത്തി. ട്രംപിന്റെ തീരുവ പ്രഖ്യാപനത്തോടെ മരവിച്ച ഇന്ത്യ-യുഎസ് വ്യാപാര കരാറിന് ചർച്ചയിലൂടെ ജീവൻവെക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയ്ക്കുമേൽ തീരുവ ഏർപ്പെടുത്തിയതിനുശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ട് നടക്കുന്ന ആദ്യ വ്യാപാര ചർച്ചയാണിത്.
യുഎസ് വ്യാപാരരംഗത്തെ പ്രധാന ഇടനിലക്കാരനായ ബ്രെൻഡൻ ലിഞ്ചും സംഘവുമാണ് യുഎസിൽ നിന്ന് ഡൽഹിയിലെത്തിയത്. ചർച്ചയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാൾ പങ്കെടുക്കുന്നുണ്ട്.
റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനെ തുടർന്നാണ് ഇന്ത്യക്കെതിരെ യുഎസ് പ്രസിഡന്റ് ട്രംപ് തീരുവയുദ്ധം പ്രഖ്യാപിച്ചത്. 50 ശതമാനമെന്ന കനത്ത തീരുവ ചുമത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണു. യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്ന് കഴിഞ്ഞയാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ, ഇന്ത്യയും യുഎസും സ്വാഭാവിക പങ്കാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരിച്ചിരുന്നു. ഇതോടെയാണ് വീണ്ടും വ്യാപാര കരാറിൽ ശുഭസൂചനകൾ കണ്ടുതുടങ്ങിയത്.