ബീജിങ്: ചൈന രഹസ്യമായി ആണവപരീക്ഷണങ്ങൾ നടത്തുന്നു എന്ന യുഎസിന്റെ ആരോപണങ്ങൾ തള്ളി ചൈന. ഇത്തരം അവകാശവാദങ്ങൾ പൂർണമായും നുണകളാണെന്നും സ്വന്തം ആണവ പരീക്ഷണങ്ങൾ പുനരാരംഭിക്കുന്നതിനുള്ള ഒഴിവുകഴിവായി യുഎസ് അവ ഉപയോഗിക്കുകയാണെന്നും ചൈന ആരോപിച്ചു.
വെള്ളിയാഴ്ച ജനീവയിൽ നടന്ന യുഎൻ നിരായുധീകരണ സമ്മേളനത്തിൽ, യുഎസ് അന്താരാഷ്ട്ര സുരക്ഷാ സെക്രട്ടറി തോമസ് ഡിനാനോ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയായാണ് ചൈനയുടെ പ്രസ്താവനയിറക്കിയിരിക്കുന്നത്. 2020 ജൂൺ 22-ന് ചൈന രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തിയതായും അവർ കൂടുതൽ പരീക്ഷണങ്ങൾക്ക് തയ്യാറെടുക്കുകയാണ് എന്നുമായിരുന്നു ഡിനാനോയുടെ ആരോപണം.
‘യുഎസിന്റെ ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതവും നുണയുമാണ്. സ്വന്തമായി ആണവ പരീക്ഷണങ്ങൾ വീണ്ടും ആരംഭിക്കുന്നതിനുള്ള ഒഴിവുകഴിവുകൾ കണ്ടെത്താനുള്ള യുഎസിന്റെ ശ്രമങ്ങളെ ചൈന നിഷേധിക്കുന്നു.’ ചൈനയുടെ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.
‘നിരുത്തരവാദപരമായ പ്രവർത്തനങ്ങൾ ഉടനടി അവസാനിപ്പിക്കണം’ എന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സിനോട് ചൈന ആവശ്യപ്പെട്ടു. റഷ്യക്കും ചൈനയ്ക്കും തത്തുല്യമായി യുഎസ് ആണവ പരീക്ഷണം ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒക്ടോബറിൽ പറഞ്ഞിരുന്നു. എന്നാൽ, ഏത് തരത്തിലുള്ള പരീക്ഷണം പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കിയിരുന്നില്ല.

















































