ലക്നൗ: സമൂഹ വിവാഹത്തിൽ നിന്നു കിട്ടുന്ന 35,000 രൂപയും വിവാഹ സമ്മാനങ്ങളും അടിച്ചുമാറ്റാൻ സമൂഹവിവാഹത്തിനൊരുങ്ങിയ ബന്ധുക്കളായ വധുവിനേയും വരനേയും കയ്യോടെ പൊക്കി യുവതിയുടെ ആദ്യ ഭർത്താവും ബന്ധുക്കളും. സർക്കാർ നടത്തുന്ന സമൂഹ വിവാഹത്തിലൂടെ വിവാഹിതരായാൽ 35,000 രൂപയും മറ്റ് സമ്മാനങ്ങളും ലഭിക്കുമെന്ന് അറിഞ്ഞതോടെയാണ് അസ്മ ‘ചീഫ് മിനിസ്റ്റേർസ് മാസ് മാര്യേജ് സ്കീം’ വഴി ബന്ധു ജാബർ അഹമ്മദിനെ വിവാഹം ചെയ്യാൻ തയാറായത്. സമ്മാനങ്ങളും പണവും പങ്കിട്ടെടുക്കാനും ഇരുവരും തമ്മിൽ ധാരണയായി. മാത്രമല്ല ലഭിക്കുന്ന 35,000 രൂപ കൊണ്ട് എരുമകളെ വാങ്ങാനും ഇരുവരും തീരുമാനിച്ചു.
ഉത്തർപ്രദേശിലെ ഹസൻപൂരിലാണു സംഭവം. അസ്മ എന്ന യുവതിയാണ് ആനുകൂല്യങ്ങൾ ലഭിക്കാനായി സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന സമൂഹവിവാഹ പദ്ധതിയിൽ റജിസ്റ്റർ ചെയ്തത്. ഞായറാഴ്ച ഹസൻപുരിലെ ഒരു ഓഡിറ്റോറിയത്തിൽ നടന്ന സമൂഹവിവാഹത്തിലാണ് അസ്മയും പങ്കെടുത്തത്. എന്നാൽ ആദ്യ ഭർത്താവിന്റെ ബന്ധുക്കളെത്തിയാണ് അസ്മയുടെ വിവാഹം തടഞ്ഞത്. മൂന്നു വർഷം മുൻപു തന്റെ മകൻ നൂർ മുഹമ്മദുമായി അസ്മയുടെ വിവാഹം കഴിഞ്ഞിരുന്നുവെന്ന് വിവാഹം തടസ്സപ്പെടുത്തിയവരിൽ ഒരാൾ വെളിപ്പെടുത്തി.
ബന്ധത്തിലെ പ്രശ്നങ്ങളെ തുടർന്ന് ആറു മാസം മുമ്പാണ് യുവതി സ്വന്തം വീട്ടിലേക്കു മടങ്ങിയെത്തിയത്. ഇവരുടെ വിവാഹമോചന ഹർജി കോടതിയുടെ പരിഗണനയിലാണ്. വിവാഹ സർട്ടിഫിക്കറ്റുമായാണ് ഭർതൃപിതാവും ബന്ധുക്കളും കല്യാണ ഓഡിറ്റോറിയത്തിലെത്തിയത്. ഏതായാലും ആദ്യ വിവാഹത്തിൽനിന്നു വിവാഹമോചനം നേടാതെ രണ്ടാമതും വിവാഹം കഴിക്കാനൊരുങ്ങിയ സംഭവത്തിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തു.
35,000 രൂപകൂടാതെ ഡിന്നർ സെറ്റ്, വധുവിനും വരനും രണ്ട് ജോഡി വസ്ത്രങ്ങൾ, ക്ലോക്ക്, വാനിറ്റി കിറ്റ്, ഷാൾ (ദുപ്പട്ട), വെള്ളി മോതിരം, പാദസരം, ചോറ്റുപാത്രം തുടങ്ങിയവയാണു വധുവരന്മാർക്ക് ലഭിക്കുന്ന സമ്മാനം.