ലഖ്‌നൗ: ഉത്തർപ്രദേശിൽ തന്നെ വകവരുത്തിയാലോന്നു പേടിച്ച് ഭാര്യയെ കാമുകനു വിവാഹം കഴിച്ചുനൽകിയ സംഭവത്തിൽ ട്വിസ്റ്റ്. വിവാഹം കഴിച്ച് നൽകി ദിവസങ്ങൾക്കുള്ളിൽ ഭാര്യയെ ആദ്യ ഭർത്താവ് തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഏഴും രണ്ടും വയസ് പ്രായമുള്ള കുട്ടികളെ ഒറ്റയ്ക്ക് നോക്കാൻ തനിക്കു കഴിയുന്നില്ലെന്ന് പറഞ്ഞാണ് ഭർത്താവ് ഭാര്യയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയത്. ഭാര്യയുടെ ഭാഗത്ത് തെറ്റില്ലെന്ന് തിരിച്ചറിഞ്ഞുവെന്നും അവളെ നോക്കേണ്ടത് തന്റെ കടമയാണെന്നും ഇയാൾ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു
ഏതാനും ദിവസം മുൻപ് ബബ്‌ലു എന്ന ആളായിരുന്നു ഭാര്യ രാധികയെ കാമുകന് വിവാഹം കഴിച്ചു നൽകിയത്. ഭാര്യയ്ക്ക് വികാസ് എന്നയാളുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ ബബ്‌ലു വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. ഭാര്യമാർ ഭർത്താക്കന്മാരെ കൊല്ലുന്നതും ഭർത്താക്കന്മാർ ഭാര്യമാരെ കൊല്ലുന്നതും സ്ഥിരം സംഭവമായിരിക്കുകയാണ്. ഇത് തന്നെ ഭയപ്പെടുത്തി. അതുകൊണ്ട് ഭാര്യയെ കാമുകന് വിവാഹം കഴിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു യുവാവ് അന്ന് പ്രതികരിച്ചത്. മാർച്ച് 25 ന് ബബ്‌ലു മുൻകൈയെടുത്ത് വിവാഹം നടത്തി. വിവാഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി. ഇതിന് പിന്നാലെയായിരുന്നു ട്വിസ്റ്റ്.
വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം രാത്രി ബബ്‌ലു വികാസിന്റെ വീട്ടിലെത്തി തന്റെ ഭാര്യയെ തിരികെ വേണമെന്നു പറയുകയായിരുന്നു. മക്കളെ ഒറ്റയ്ക്ക് നോക്കാൻ തനിക്കു കഴിയുന്നില്ലെന്നും ഭാര്യയെ വിട്ടുനൽകണമെന്നും ഇയാൾ വികാസിന്റെ കുടുംബത്തോട് പറഞ്ഞു. ഇതോടെ വികാസിന്റെ കുടുംബം രാധികയെ ബബ്‌ലുവിനൊപ്പം പറഞ്ഞയയ്ക്കുകയായിരുന്നു.
കുടുംബം തുടക്കം മുതൽ തന്നെ വിവാഹത്തെ അതിർത്തിരുന്നതായി വികാസിന്റെ അമ്മ ഗായത്രി പറഞ്ഞു. ബബ്‌ലു കുട്ടികളുമായി വന്നപ്പോൾ രാധിക മടങ്ങുന്നത് തടയാൻ തങ്ങൾക്ക് കഴിഞ്ഞില്ല. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം തന്നെ രാധിക തിരിച്ചുപോയി. കുട്ടികളെ ഒറ്റയ്ക്ക് പരിപാലിക്കാൻ കഴിയില്ലെന്നും തന്റെ തെറ്റ് മനസിലായെന്നും ബബ്‌ലു പറഞ്ഞതായും വികാസിന്റെ അമ്മ പ്രതികരിച്ചു.