തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി ഉണ്ണിക്കൃഷ്ണൻ പോറ്റി. തനിക്ക് തന്നത് ചെമ്പ് പാളികളാണ്. ദേവസ്വം രേഖകളിലും അതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുമ്പ് സ്വർണം പൂശിയിരുന്നോ എന്ന് തനിക്കറിയില്ലെന്നും സ്വർണപ്പാളി പ്രദർശന വസ്തുവാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘എനിക്ക് തന്ന രേഖകളിൽ ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മഹസറിനകത്തും അതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എനിക്ക് തന്നിരിക്കുന്ന സാധനത്തെ അടിസ്ഥാനപ്പെടുത്തിയല്ലേ എനിക്ക് പറയാൻ സാധിക്കൂ. ഗോൾഡ് ഉണ്ടായിരുന്നു എന്ന് ഞാൻ അറിയുന്നത് ഈ സമയത്താണ്. സ്വർണം നഷ്ടപ്പെട്ടത് കൊണ്ടോ കാലഹരണപ്പെട്ടതു കൊണ്ടോ ആയിരിക്കാം ദേവസ്വം സ്വർണം പൂശാൻ തീരുമാനമെടുത്തിരിക്കുന്നത്.
അതൊക്കെ എനിക്ക് പറയാൻ പറ്റുന്ന കാര്യമല്ല. എനിക്ക് തന്നിരിക്കുന്ന കത്തിനകത്ത് ചെമ്പ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്- ഉണ്ണിക്കൃഷ്ണൻ പോറ്റി പറഞ്ഞു. സ്വർണ്ണപ്പാളി ജയറാമിന്റെ വീട്ടിലേക്ക് കൊണ്ടുപോയിട്ടില്ല. ജയറാം പരിപാടിയിൽ പങ്കെടുത്തു. പിന്നീട് ചീത്തയാകാതിരിക്കാൻ പലകയിൽ അടിച്ചിട്ടാണ് കൊണ്ടുവന്നത്. അത് പ്രദർശന വസ്തുവാക്കിയിട്ടില്ല. പണപ്പിരിവ് നടത്തിയിട്ടുണ്ടെങ്കിൽ അതിൽ നടപടിയെടുക്കട്ടെ. ആക്ഷേപങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ആരോപിക്കാം. അതുകൊണ്ട് കാര്യമില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.