ഭോപ്പാൽ: ‘ഈ വേദന സഹിക്കാനാകുന്നില്ല, ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വീൽചെയറിലിരുന്ന് അധ്യാപനം നടത്തുകയാണ്, ഇനി പറ്റില്ല, ദയാവധത്തിന് അനുമതി നൽകണം’…- മധ്യപ്രദേശിലെ ഇന്ദോർ സ്വദേശിനിയും സർക്കാർ സ്‌കൂൾ അധ്യാപികയുമായുമായ കുമാരി ചന്ദ്രകാന്ത ജെഠാനിയുടെ ഹർജിയാണിത്. വീൽചെയറിലുള്ള ജീവിതവും വേദനയും തനിക്ക് സഹിക്കാൻ പറ്റുന്നതിനും അപ്പുറമാണെന്നു കാണിച്ചാണ് അധ്യാപിക ദയാവധത്തിന് അനുമതി തേടി രാഷ്ട്രപതി ദ്രൗപദി മുർമുവിന് ഹർജി സമർപ്പിച്ചത്.
ശരീരം തളർന്ന ചന്ദ്രകാന്തയുടെ ജീവിതം വീൽചെയറിലാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വീൽചെയറിലിരുന്ന് അധ്യാപനം നടത്തുകയാണ്. ഏഴുമുതൽ എട്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ജോലി കടുത്ത വേദനയും ബുദ്ധിമുട്ടുമാണു സമ്മാനിക്കുന്നത്. ഇതോടെ ദയാവധത്തിന് അനുമതി തേടി ഇവർ രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു
അതുപോലെ ഒരിക്കൽ ആശുപത്രിവാസത്തിനിടെ തെറ്റായ മരുന്ന് സ്വീകരിക്കേണ്ടിവന്നതാണ് തന്റെ ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണമെന്നും ചന്ദ്രകാന്ത പറയുന്നു. ശാരീരികനില മോശമാണെന്നും സർക്കാരിൽനിന്നും സംവിധാനങ്ങളിൽനിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും അവർ പറയുന്നു.
അതേസമയം തന്റെ ശാരീരിക പരിമിതികളെ അതിജീവിക്കുംവിധത്തിലുള്ള സദ്പ്രവൃത്തികളും ചന്ദ്രകാന്ത തന്റെ ജീവിതത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. തന്റെ സ്വത്തുവകകൾ സർക്കാർ സ്‌കൂളിലെ വിദ്യാർഥികൾക്കായി സംഭാവന ചെയ്ത ഇവർ, മരണാനന്തരം അവയവദാനത്തിനും മൃതദേഹം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുകൊടുക്കാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.