കീവ്:ഞായറാഴ്ച പുലർച്ചെ യുക്രെയ്‌നിലുടനീളം വ്യാപക വ്യോമാക്രമണം നടത്തി റഷ്യ. ഡ്രോണുകൾ, മിസൈലുകൾ, ഗൈഡഡ് ഏരിയൽ ബോംബുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. മിസൈൽ ആക്രമണത്തിൽ യുക്രെയ്നിൽ ഒരു കുട്ടിയടക്കം 5 പേർ മരിച്ചു. സാധാരണക്കാരുടെ വാസസ്ഥലം ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് യുക്രേനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. 53 ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളും 496 ഡ്രോണുകളും റഷ്യ പ്രയോഗിച്ചതായി യുക്രെയ്ൻ വ്യോമസേന പറഞ്ഞു. ഒമ്പത് പ്രദേശങ്ങളാണ് റഷ്യ ലക്ഷ്യമിട്ടതെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി അറിയിച്ചു.
2022 ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യൻ ആക്രമണത്തിന് ശേഷം യുക്രെയ്ന്റെ പടിഞ്ഞാറൻ മേഖലയിൽ നടക്കുന്ന ഏറ്റവും വലിയ വ്യോമാക്രമണമായിരുന്നു യുക്രെയ്ൻ അധികൃതർ പറയുന്നു. അതിനിടെ വ്യോമാക്രമണത്തിന് യുക്രെയ്ൻ തിരിച്ചടിയും നൽകി. യുക്രെയ്ന്റെ 32 ഡ്രോണുകൾ സൈന്യം വെടിവച്ചതായി റഷ്യ അറിയിച്ചു. അതേസമയം ആക്രമണത്തിൽ യുഎസ് തുടരുന്ന മൗനത്തെ സെലെൻസ്കി വിമർശിച്ചു. റഷ്യയുടെ ഭാഗത്ത് നിന്ന് തുടർച്ചയായി സംഭവിക്കുന്ന ആക്രമണത്തിൽ ആഗോള പ്രതികരണം ഉണ്ടായിട്ടില്ലെന്നും പടിഞ്ഞാറൻ രാജ്യങ്ങളുടെ നിശബ്ദത ഭയപ്പെടുത്തുന്നുവെന്നും സെലെൻസ്കി പറഞ്ഞു.