കോട്ടയം: യുഡിഎഫിന്റെ അടിത്തറ ശക്തമാക്കുമെന്നും മുന്നണി കൂടുതൽ വിപുലീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുന്നണി വിപുലമാക്കുമ്പോൾ ആരൊക്കെയാണ് വരാൻ പോകുന്നതെന്ന് ഇപ്പോഴേ പറഞ്ഞ് സസ്പെൻസ് കളയുന്നില്ല. എൽഡിഎഫിന്റെ ഭാഗമായുള്ളവരുണ്ടാകും, എൻഡിഎയുടെ ഭാഗമായുള്ളവരുണ്ടാകും, ഇതിലൊന്നും പെടാത്തവരും ഉണ്ടാകും. എല്ലാം കാത്തിരുന്ന് കാണാമെന്നും സതീശൻ പറഞ്ഞു.
‘‘യുഡിഎഫ് ഒരു മുന്നണിക്കപ്പുറം വലിയൊരു പൊളിറ്റിക്കൽ പ്ലാറ്റ്ഫോമാണ്. ഒരുപാട് വിഭാഗം ജനങ്ങളെയും ഇൻഫ്ലുവൻസർമാരെയും ഉൾക്കൊള്ളാൻ ശേഷിയുള്ള മുന്നണിയാണിത്. ഏതായാലും കൂടുതൽ ശക്തമായ യുഡിഎഫായിരിക്കും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുക. ആരെയും പിന്നാലെ നടന്ന് ക്ഷണിച്ചിട്ടില്ല. ഇപ്പോൾ ഈ തിരഞ്ഞെടുപ്പ് വിജയിച്ച് എല്ലാമായി എന്ന് കരുതുന്നില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ആഗ്രഹിക്കുന്ന സീറ്റുകളിലെത്തുകയാണ് ലക്ഷ്യം. ഇരട്ടി ജോലിയാണ് യുഡിഎഫ് പ്രവർത്തകർക്ക് വരാൻ പോകുന്നത്’’ –സതീശൻ പറഞ്ഞു.
അതേസമയം ആശയപരമായി യോജിക്കുന്നവരെ ഉൾപ്പെടുത്തി യുഡിഎഫ് വിപുലീകരിക്കണമെന്നും മുന്നണിയുടെ അടിത്തറ വർധിപ്പിക്കണമെന്നും മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും നേരത്തേ പറഞ്ഞിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എൽഡിഎഫിൽ വലിയ അസംതൃപ്തി പുകയുന്നുണ്ടെന്നും അവിടെ നിന്നുള്ളവർ യുഡിഎഫിലേക്ക് എത്തുമെന്ന്് കരുതുന്നതെന്നാണ് ലീഗ് നേതൃത്വം പറഞ്ഞത്.


















































