ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ പാകിസ്താനു വാട്ടർ സ്‌ട്രൈക്കുമായി ഇന്ത്യ. ജമ്മു കശ്മീരിലെ കനത്ത മഴയെത്തുടർന്നു ചെനാബ് നദിക്കു കുറുകെ നിർമിച്ച ബാഗ്ലിഹാർ, സാലം അണകളുടെ ഷട്ടറുകൾ ഒറ്റയടിക്കു തുറന്നു. ഇതോടെ പാക്കിസ്ഥാനിലേക്കു വെള്ളം കുത്തിയൊഴുകാനും തുടങ്ങി.
ഭീകരാക്രമണത്തിനു പിന്നാലെ അണക്കെട്ടിലെ ഷട്ടറുകൾ താഴ്ത്തി ഇന്ത്യ ചെനാബ് നദിയിലേക്കുള്ള ജലമൊഴുക്കു തടഞ്ഞിരുന്നു. ഇപ്പോൾ വെള്ളം നിറയാൻ തുടങ്ങിയതോടെ എല്ലാ ഷട്ടറുകളും ഒറ്റയടിക്കു തുറക്കുകയാണുണ്ടായത്. സാധാരണ ഗതിയിൽ പുഴയിലെ ജലനിരപ്പു ക്രമീകരിച്ചുകൊണ്ടു മാത്രമേ ഷട്ടറുകൾ ഉയർത്താറുള്ളൂ.
ജമ്മുവിലെ റംബാനിലെ ബാഗ്ലിഹാർ അണക്കെട്ട്, വടക്കൻ കശ്മീരിലെ കിഷൻഗംഗ ജലവൈദ്യുത അണക്കെട്ട് എന്നിവയിലൂടെ പാകിസ്ഥാലേക്കുള്ള ജലം നിയന്ത്രിക്കാൻ കഴിയും. നേരത്തേ ഇവയുടെ ഷട്ടറുകൾ താഴ്ത്തിയത് പാകിസ്താനിലേക്കുള്ള ജലവിതരണം ഗണ്യമായി താഴ്ത്തിയിരുന്നു. ചരിത്രത്തിലാദ്യമായി നദി മുറിച്ചു കടക്കാവുന്ന തരത്തിലേക്ക് ഇവിടുത്തെ ജലവിതാനം താഴ്ന്നു. ഇപ്പോൾ പെട്ടെന്നു ജലനിരപ്പ് ഉയരുന്നതും പാകിസ്താനിലെ കൃഷിക്കു ബുദ്ധിമുട്ടാകുമെന്നാണു വിലയിരുത്തുന്നത്.
പാക്കിസ്ഥാനിൽ കൃഷിക്കുൾപ്പെടെ ജലസേചനത്തിനു വ്യാപമായി ഉപയോഗിക്കുന്നതു ചെനാബ് നദിയിലെ വെള്ളമാണ്. ഉടമ്പടി പ്രകാരം ചെനാബിലെ ജനം പാക്കിസ്ഥാന് അവകാശപ്പെട്ടതാണ്. ഇതിലെ ജലം നിരവധി കനാലുകൾവഴി രവി നദിയിലേക്കും പ്രവേശിക്കുന്നുണ്ട്. ഇൻഡസ്, ഝലം നദികൾക്കൊപ്പം പ്രധാനപ്പെട്ട പടിഞ്ഞാറൻ നദിയാണു ചെനാബ്.
ഏപ്രിൽ 26നു നടന്ന ഭീകരാക്രമണത്തിനുശേഷം ഇന്ത്യ ആദ്യമെടുത്ത നടപടി പാക്കിസ്ഥാനുമായുള്ള ജല കരാർ റദ്ദാക്കുകയായിരുന്നു. ലോക ബാങ്കിന്റെ മധ്യസ്ഥതയിൽ നടപ്പാക്കിയ കരാർ റദ്ദാക്കിയത് വൻന വിവാദങ്ങൾക്കും വഴിവച്ചിരുന്നു.
ചെനാബ് നദിയിലേക്കുള്ള ജലപ്രവാഹം ഒരാഴ്ച നിയന്ത്രിച്ചാൽതന്നെ അതു പാകിസ്താനിലെ, പ്രത്യേകിച്ചു പഞ്ചാബിലെ കൃഷിയെ ബാധിക്കുമെന്നാണു ചൂണ്ടിക്കാട്ടുന്നത്. കടുക്, റാബി എന്നിവയിൽ 50 ശതമാനംവരെ ഇടിവുണ്ടാകും. കോട്ടൺ, നെല്ല് എന്നിവയുടെ കൃഷിയെയും ബാധിക്കും. സ്ഥിരമായി വെള്ളം തടയുന്നതിനു സമയമെടുത്തേക്കാം. പക്ഷേ, നിയന്ത്രണങ്ങൾ പാകിസ്താനിലുണ്ടാക്കുന്ന പ്രശ്‌നങ്ങൾ ചില്ലറയല്ലെന്ന് പാകിസ്താനിലെ കൃഷിയെക്കുറിച്ചു നിരീക്ഷിക്കുന്നവർ പറയുന്നു.
ആക്രമണം നടന്നതിനു പിന്നാലെ വാട്ടർ റിസോഴ്‌സ് സെക്രട്ടറി ദേബശ്രീ മുഖർജി പാകിസ്താന് എഴുതിയ കത്തിലാണ് അതിർത്തി കടന്നുള്ള തീവ്രവാദം പാകിസ്താൻ നിയന്ത്രിക്കാത്ത സാഹചര്യത്തിൽ കരാർ റദ്ദാക്കുന്നെന്നു വ്യക്തമാക്കിയത്. ഇന്ത്യക്ക് കരാറിൻമേലുള്ള പൂർണ അവകാശമുപയോഗിച്ചാണ് ഈ നടപടിയെടുക്കുന്നതെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. കശ്മീരിലെ ജനസംഖ്യ, ക്ലീൻ എനർജി സാധ്യതകൾ വികസിപ്പിക്കൽ മറ്റു മാറ്റങ്ങൾ എന്നിവ കണക്കാക്കിയാണു കരാറിലെ കാര്യങ്ങൾ പുനപരിശോധിക്കുന്നതെന്നും കത്തിൽ പറഞ്ഞു.
#WATCH | J&K | Two gates at the Baglihar Hydroelectric Power Project Dam built on the Chenab River in Ramban have been opened. pic.twitter.com/R5mDi26USZ
— ANI (@ANI) May 8, 2025