ന്യൂഡൽഹി: ഇന്ത്യൻ കരസേനയ്ക്കായി കൊണ്ടുവന്ന പുതിയ അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കു തുർക്കി വ്യോമപാത നിഷേധിച്ചെന്ന് റിപ്പോർട്ട്. പ്രവർത്തന കേന്ദ്രമായ ജർമനിയിലെ ലൈപ്സിഗിൽ നിന്ന് അരിസോണയിലെ മെസാ ഗേറ്റ്‌വേ (ഫീനിക്സ് മെസാ) വിമാനത്താവളത്തിലെത്തിയ An-124 UR-82008 അന്റോനോവ് ചരക്കു വിമാനം അവിടെ നിന്ന് ഇന്ത്യൻ കരസേനയ്‌ക്കുള്ള മൂന്ന് AH 64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകളുമായി ഈ മാസം ഒന്നിനാണ് പറന്നുയർന്നത്.
ഇതിനിടെ ഇന്ധനം നിറക്കുന്നതിന് ബ്രിട്ടനിലെ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിനു തുടർന്ന് ഇന്ത്യയിലേക്ക് തുർക്കി വ്യോമപാത നിഷേധിച്ചുവെന്നാണു സൈനിക ഉദ്യോഗസ്ഥർ പറഞ്ഞത്. എട്ടു ദിവസം വിമാനത്താവളത്തിൽ അനുമതി കാത്തുകിടന്ന വിമാനം പിന്നീട് എട്ടിന് യുഎസിലേക്കു മടങ്ങിപ്പോയി.
ആറ് AH 64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ നൽകാമെന്ന കരാറിന്റെ അടിസ്ഥാനത്തിൽ ബോയിങ് ജൂലൈയിൽ ഇന്ത്യൻ കരസേനയ്‌ക്കു മൂന്ന് ഹെലികോപ്റ്ററുകൾ കൈമാറിയിരുന്നു. ആ സമയം വ്യോമപാത ഉപയോഗിക്കാൻ തുർക്കി അനുമതി നൽകിയിരുന്നു. മുൻനിശ്ചയ പ്രകാരം ബോയിങ് കമ്പനി ഈ മാസം കരസേനയ്ക്കു ബാക്കി മൂന്നു ഹെലികോപ്റ്ററുകൾ കൈമാറേണ്ടതാണ്. എന്നാൽ തുർക്കിയുടെ ഈ പുതിയ സംഭവത്തോടെ ഇതു വൈകുമെന്നാണു സൂചന. മറ്റൊരു വ്യോമപാതയിലൂടെ ഹെലികോപ്റ്ററുകൾ ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടരുകയാണ്. ബോയിങ്ങിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ 22 എണ്ണം വ്യോമസേനയും 3 എണ്ണം കരസേനയും ഉപയോഗിക്കുന്നുണ്ട്.
















































